
മോസ്കോ: ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ സംവിധാനം സർമാത് (Sarmat) വിജയകരമായി പരീക്ഷിച്ചു എന്ന് റഷ്യ. പാശ്ചാത്യ രാജ്യങ്ങൾ ‘സാത്താൻ II' എന്ന് വിശേഷിപ്പിക്കുന്ന ആണവായുധ വാഹക മിസൈലാണിത്.
ഈ മിസൈലിന് 35,000 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാൻ സാധിക്കും. അതായത് ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കും. നിലവിലുള്ളതോ ഭാവിയിൽ വരാനിരിക്കുന്നതോ ആയ ഏത് മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും തകർത്ത് മുന്നേറാൻ ഇതിന് കഴിയുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള സമാന മിസൈലുകളേക്കാൾ നാലിരട്ടി പ്രഹരശേഷി ഇതിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ മിസൈൽ പാതയ്ക്ക് പുറമെ ഉപഗ്രഹങ്ങൾക്ക് സമാനമായ സബോർബിറ്റൽ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് ഇതിന്റെ കൃത്യത വർദ്ധിപ്പിക്കുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മിസൈലിന്റെ പരീക്ഷണം നടന്നത്. 2026 അവസാനത്തോടെ ഈ മിസൈലുകൾ റഷ്യൻ സേനയുടെ ഭാഗമാകുമെന്ന് സൈനിക മേധാവി സെർജി കരാക്കയേവ് അറിയിച്ചു. അമേരിക്കയുമായുള്ള മിസൈൽ വിരുദ്ധ കരാറിൽ നിന്ന് 2002-ൽ യുഎസ് പിന്മാറിയതിനെത്തുടർന്നാണ് റഷ്യ ഇത്തരം അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കാൻ നിർബന്ധിതമായതെന്ന് പുടിൻ വ്യക്തമാക്കി.
ആഗോളതലത്തിൽ രാഷ്ട്രീയ പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






