
ന്യൂഡൽഹി: ‘വെളുത്തപുക കാണാതെ’ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ. രാഹുലും ഖാർഗെയും കെ.സി. വേണുഗോപാലിനെ കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് നിർണായകമാണെന്നാണ് വിലയിരുത്തൽ.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ വീടിനു മുന്നിൽ നിരവധിപേർ ഒത്തുകൂടിയിരിക്കുന്നത്. നൂറിലേറെ പ്രവർത്തകർ വീടിന് അകത്തും പുറത്തുമായുണ്ട്. ഉച്ചയോടെ സതീശന്റെ വീട്ടിൽ എംഎൽഎമാരായ മുഹമ്മദ് ഷിയാസും വി.എ.അബ്ദുൽ ഗഫൂറും എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മുൻ എംഎൽഎ എൽദോസ് കുന്നപ്പിളളിയിലും എത്തി. വി.ഡി. അല്ലാതെ മറ്റാര് എന്നാണ് ആലുവയിലെ വീട്ടിൽ എത്തിയിരിക്കുന്നവരുടെ വികാരം.
വഴുതക്കാട്ടുള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലും അനുയായികള്‍ എത്തിയിട്ടുണ്ട്. ഹരിപ്പാടുനിന്നും മറ്റുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമേശിന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ മറിച്ചാണു തീരുമാനമെങ്കിലും ഒരു തരത്തിലുള്ള പ്രതിഷേധത്തിനും തുനിയില്ലെന്നും അനുയായികള്‍ പറഞ്ഞു.
മികച്ച വിജയം നൽകിക്കൊണ്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്തുദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഘടകകക്ഷികൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും കടുകിട മാറാതെ നിൽക്കുകയാണെന്നാണ് വിവരം. അതിനാൽതന്നെ സമവായമുഖ്യമന്ത്രിപദം രൂപപ്പെട്ടേക്കാമെന്നും വിലയിരുത്തലുകളുണ്ട്.






