
ന്യൂഡല്‍ഹി : സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക യോഗം പൂർത്തിയായി. ചർച്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ച പൂർത്തിയാക്കി രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിൽ നിന്ന് മടങ്ങി. ഒറ്റപ്പേരിലേക്ക് എത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കെ സി വേണുഗോപാലിനെ മല്ലികാർജുൻ ഖർഗെ യോഗത്തിലേക്ക് വിളിപ്പിച്ചെങ്കിലും അദേഹം എത്തിയില്ല.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലേക്കില്ല. അവരുടെ യാത്ര മറ്റൊരുദിവസത്തേക്ക് മാറ്റി. ദീപാ ദാസ് മുൻഷി ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും.
അതേസമയം വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശവാദം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്. വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെ വീടുകളിലേക്ക് അണികളും നേതാക്കളും എത്തിയിട്ടുണ്ട്.






