
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധം മൂര്‍ച്ഛിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സന്ദേശ്കാലിയിലെ നേതാക്കന്മാര്ക്കെതിരേ അഞ്ചു സ്ത്രീകളാണ് ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ലൈംഗികാപമാനം പുറത്തുപറയാതെ ഇത്രയും കാലം ഒളിച്ചുവെച്ചത് ഭരണകക്ഷി ആയതിനാലുള്ള ഭയം മുലമാണെന്നും പറഞ്ഞു.
ആരോപണം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉയര്‍ത്തിയതോടെ കൊല്‍ക്കത്ത ഹൈക്കോടതി ആരോപണത്തില്‍ സ്വമേധയാ കേസെടുക്കുന്ന സാഹചര്യം ഉണ്ടാകുകയായിരുന്നു. അധികാരം കൊണ്ട് പ്രദേശത്ത് വലിയ സ്വാധീനമുള്ള ടി എം സി നേതാവ് ഷെയ്ഖ് ഷാജഹാന് ഇ.ഡി. റെയ്ഡിനെ തുടര്‍ന്ന് സ്ഥലത്തു നിന്നും മുങ്ങിയ സാഹചര്യത്തിലാണ് തങ്ങള്‍ ഇക്കാര്യം പുറത്തുപറയാന്‍ തയ്യാറാകുന്നതെന്നാണ് ഇരകള്‍ നല്‍കിയിരക്കുന്ന മൊഴി.
ഷെയ്ഖിന്റെ സഹായിയും പാര്‍ട്ടിനേതാവുമായ ഉത്തം സര്ദാറിനെതിരേയും ആരോപണമുണ്ട്. ടിഎംസി നേതാക്കള്‍ തങ്ങളോട് റിസോര്‍ട്ടിലേക്കും പാര്‍ട്ടി ഓഫീസിലേക്കും സ്കൂള്‍ കെട്ടിടത്തിലേക്കുമൊക്കെ രാത്രികൂടിക്കാഴ്ചയ്ക്ക് ചെല്ലാന്‍ ആവശ്യപ്പെടുമെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 12 ന് ഇവര്‍ ഗവര്‍ണര്‍ക്കും വനിതാകമ്മീഷനും മൊഴി കൊടുത്തതായിട്ടാണ് വിവരം. നേരത്തേ പോലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലീസും ഭരണകൂടത്തിന്റെ ഭാഗമാണെന്നും അവര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി വിടുന്നതിനാല്‍ നീതി കിട്ടില്ലെന്നും പറഞ്ഞു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തം സര്‍ദാറിനും മറ്റുള്ളവര്‍ക്കും എതിരേ കേസ് റജിസ്റ്റര്‍ ചെയ്തു.
നോര്‍ത്ത് 24 പര്‍ഗാനയുടെ സില്ലാ പരിഷത് അംഗമാണ് സര്‍ദാര്‍. ഇപ്പോള്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റും ചെയ്തു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ടിഎംസി നേതാവും നോര്‍ത്ത് 24 പര്‍ഗാനയില്‍ നിന്നുള്ള ടിഎംസി നേതാവുമൊക്കെയായ പാര്‍ത്ഥാ ഭൗമിക് പറഞ്ഞത്. ഭൂമി തട്ടിയെടുക്കുന്നെന്ന പരാതിയും തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കെതിരേ തങ്ങള്‍ക്കു തന്നെ കിട്ടിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
സ്ത്രീകളുടെ കൂട്ടായ്മയുമായി ബന്ധപ്പെട്ട ആവശ്യത്തിന് രാത്രി പത്തുമണിക്കൊക്കെ വിളിച്ചുവരുത്തും. അതിന് ശേഷം ശരീരത്ത് പിടിക്കും. അവര്‍ക്ക് എവിടെയാണോ ഇഷ്ടപ്പെടുന്നത് ആ ഭാഗത്ത് പിടിക്കും.. ഇത് അനേകം തവണ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ അനുഭവം തനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് 20 വയസ്സുള്ള യുവതി പറയുന്നു. ഇവരെല്ലാം പഞ്ചായത്തിന് കീഴിലുള്ള സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. എസ്എച്ച്ജി യുടെ യോഗങ്ങള്‍ പോലും ഇവര്‍ പറ്റാത്ത സമയത്ത് കൊണ്ടു വെയ്ക്കുമെന്നും പീഡനം 2020 മുതല്‍ തുടങ്ങിയതാണെന്നും യുവതി നല്കിയ മൊഴിയില്‍ പറയുന്നു.
ഇപ്പോള്‍ പോലും സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും പക്ഷേ ഇക്കാര്യം പുറത്തുപറയുന്നതിന് കാരണം ഷെയ്ഖ് ഷാജഹാന് ഒളിവിലും ടിഎംസി നേതാക്കള്‍ പിന്നോക്കാവസ്ഥയിലും ആയതിനാലാണെന്നും സ്ത്രീകള്‍ പറയുന്നു. യോഗങ്ങളില്‍ ഹാജരാകാത്തവരുടെ പട്ടിക സൂക്ഷിച്ചിരുന്നതായി മറ്റൊരു സ്ത്രീ ആരോപിച്ചു. ഒരിക്കല്‍ അസുഖം കാരണം യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മാര്‍ക്കറ്റില്‍ വെച്ച് മര്‍ദിച്ചെന്ന് ഇവര്‍ പറയുന്നു. ചിലപ്പോള്‍ അവര്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോകുമ്പോള്‍ അവരുടെ മോട്ടോര്‍ സൈക്കിളില്‍ പടിച്ചിരുത്താറുണ്ട്. അത് തങ്ങള്‍ക്ക് ചെറുക്കാന്‍ കഴിയാറില്ലെന്നും അവര്‍ പറയുന്നു. ഗവര്‍ണര്‍ വന്നപ്പോള്‍ ഞങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. എല്ലാ സ്ത്രീകളും കൂടി ചെന്ന് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ഇവര്‍ പറയുന്നു.
ടിഎംസി-ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും മൂലം ഉപരോധിക്കപ്പെട്ട ജില്ല നിലവില്‍ കര്‍ഫ്യൂവിലാണ്, കലാപ വിരുദ്ധ ഗിയറിലെ പോലീസ് തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നു. ജനുവരി 5 ന് ഷാജഹാന്റെ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ എത്തിയ ഇഡി സംഘത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമിച്ചതോടെയാണ് പ്രദേശം ആദ്യമായി ശ്രദ്ധാകേന്ദ്രമായത്.
ഫെബ്രുവരി 8 ന് പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് റാലി പ്രാദേശിക സ്ത്രീകളുടെ പ്രതിഷേധത്തിലേക്ക് ഓടിക്കയറിയപ്പോള്‍ സമീപകാല പ്രതിഷേധങ്ങള്‍ ജ്വലിച്ചു, അവര്‍ ഉത്തം സര്‍ദാറിന്റെ കോഴി ഫാമിന് തീയിട്ടു. അടുത്ത ദിവസവും സ്ത്രീകള്‍ പ്രതിഷേധം തുടര്‍ന്നു.






