
തിരുവനന്തപുരം : കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നല്കിയ ഹര്‍ജിയിൽ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഹൈക്കോടതി. ഇഡിയ്ക്ക് മുന്നില്‍ ഹാജരാവാന്‍ കഴിയുമോ എന്ന് തോമസ് ഐസക്കിനോട് ആവര്‍ത്തിച്ച് ചോദിച്ച് ഹൈക്കോടതി. ഇഡിക്ക് മുന്നില്‍ ഒറ്റത്തവണ എങ്കിലും ഹാജരായിക്കൂടേ എന്നാണ് ഇന്ന് കോടതി ചോദിച്ചത്. അറസ്റ്റും ഉപദ്രവവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും ഹൈക്കോടതി പറഞ്ഞു.
മസാലബോണ്ട് ഇടപാടില്‍ രണ്ട് സമന്‍സാണ് ലഭിച്ചതെന്ന് കിഫ്ബി അറിയിച്ചു. ഒരു സമന്‍സ് സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും ഒന്ന് നേരിട്ട് ഹാജരാകാനുമാണു നിര്‍ദ്ദേശിച്ചത്. കോടതിയുടെ നിര്‍ദ്ദേശത്തില്‍ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹൈക്കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. കിഫ്ബിയും തോമസ് ഐസക്കും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 13ന് ഹാജരാകണമെന്ന് കാട്ടി ഇഡി പുതിയ സമന്‍സ് നല്‍കിയെങ്കിലും തോമസ് ഐസക് ഹാജരായിട്ടില്ല.
കോടതി പറഞ്ഞാല്‍ മാത്രം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ മടിയുണ്ട്, എന്നാല്‍ തനിക്ക് ഭയമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. തന്നെ എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് ഇ ഡി പറയാന്‍ തയാറാകുന്നില്ല. എന്തോ കുറ്റം ചെയ്തിട്ടുണ്ടാകാം, അത് കണ്ടെത്തിയേക്കാം എന്ന അവരുടെ രീതിയും ശരിയല്ല. ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഒന്നായി ഇഡി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി നേരിടുമെന്നും തോമസ് ഐസക് നേരത്തേ വ്യക്തമാക്കിയിരുന്നു.






