
കോട്ടയം: യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസും ആര്.എസ്.പിയും ഇന്ന് ലോക്സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും കൊല്ലത്ത് സിറ്റിംഗ് എം.പി.എന്‍.കെ. പ്രേമചന്ദ്രനുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. മുസ്ലിംലീഗുമായുളള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ യു.ഡി.എഫ് യോഗം ഈ മാസം 18-ലേയ്ക്ക് മാറ്റിയിരുന്നു. ഈ യോഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തീകരിച്ചശേഷം ഘടക കക്ഷികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ആദ്യം തീരുമാനം എടുത്തിരുന്നത്.
എന്നാല്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് (എം) സിറ്റിംഗ് എം.പി. തോമസ് ചാഴികാടനെ ഇടതു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടുപോയ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ അനുമതി വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് കോണ്‍ഗ്രസ് െഹെക്കമാന്‍ഡ് തര്‍ക്കങ്ങള്‍ ഒഴിവായ കോട്ടയത്തും കൊല്ലത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനു ഘടക കക്ഷികള്‍ക്ക് അനുമതി നല്‍കിയത്. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തിയിരുന്നു.ഫ്രാന്‍സിസ് ജോര്‍ജിനെ കൂടാതെ മുന്‍ എം.പി. പി.സി.തോമസിന്റെയും കെ.എം മാണിയുടെ മരുമകനും മുതിര്‍ന്ന ഐ.എ.എസ് ഓഫീസറുമായിരുന്ന എം.പി ജോസഫിന്റെയും പേരുകളും അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സ്ഥാനാര്‍ത്ഥിത്വം ഫ്രാന്‍സിസ് ജോര്‍ജിലേയ്ക്ക് എത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 11-ന് കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി പി.ജെ.ജോസഫ് പ്രഖ്യാപിക്കും.എന്‍.കെ. പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കൊല്ലത്ത് ആര്.എസ്.പി നേതൃത്വം പ്രഖ്യാപിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റമുട്ടുന്നത് 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നുളള പ്രത്യേകതയുമുണ്ട്.
1977-ലാണ് രണ്ടു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റമുട്ടിയത്.കോണ്‍ഗ്രസ്,സി.പി.ഐ.,ലീഗ് പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി സ്കറിയ തോമസും സി.പി.എം.പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസ് ബാലകൃ്ഷണിപിളള ഗ്രൂപ്പിലെ വര്‍ക്കി ജോര്‍ജുമാണ് നേരിട്ട് ഏറ്റുമുട്ടിയത്.അന്ന് 68695 വോട്ടിന് സക്റിയ തോമസാണ് വിജയിച്ചത്.ആ മത്സരത്തില്‍ ഒരുമിച്ച് നിന്ന കേരള കോണ്‍ഗ്രസുകളാണ് ഇത്തവണ പരസ്പരം രണ്ടു മുന്നണിയിലായി ഏറ്റമുട്ടുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.






