ഇസ്ലാമാബാദ്: പാകിസ്താന് പൊതുതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്ന് തെഹ്രീകി ഇന്‍സാഫ് പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന് ഖാന്റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് വക്താവ് ബാരിസ്റ്റര്‍ അലി സെയ്ഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ജയിലിലാണ്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമര്‍ ആയുബ് ഖാന്റെയും പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അസ്ലം ഇക്ബാലിന്റെയും പേര് നിര്‍ദേശിക്കുമെന്ന് പാര്‍ട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പഞ്ചാബിലും പ്രതിപക്ഷത്തിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് ഇസ്ലാമാബാദില് ക്വാമി വദന്‍ പാര്‍ട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അലി സെയ്ഫ് അറിയിച്ചു.
ഈ മാസം എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 265 അംഗ നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടി 93 സീറ്റുകള്‍ നേടിയിരുന്നു. സ്വതന്ത്രരുടെ പിന്തുണയും ഇമ്രാന് ഖാനുണ്ടായിരുന്നു. എന്നാല്‍ 75 സീറ്റുകള്‍ നേടിയ പാകിസ്താന് മുസ്ലീം ലീഗ്-നവാസ് പക്ഷവും 54 സീറ്റുകള്‍ നേടിയ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയും 17 സീറ്റുകളുള്ള എംക്യൂഎം-പിയും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. 133 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യം.






