
കൊച്ചി : ആര് എം പി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. എഫ്ഐആറിൽ പേരില്ലാത്തവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന സർക്കാർ അപ്പീലിലും പി മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിൽ കെകെ രമ നൽകിയ ഹർജിയിലും നാളെ വിധി പറയും.
നാളെ രാവിലെ 10.15ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീലുകളിൽ വിധി പറയും. എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രതികളുടെ വാദം.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4നാണ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി പി എം വിട്ട് ഒഞ്ചിയത്ത് ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ് പക തീർക്കാൻ സി പി എമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്ക് ശേഷം എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു.






