
ലണ്ടൻ: ബ്രിട്ടനിൽ പതിറ്റാണ്ടുകളായി തുടരുന്ന ‘ഗ്രൂമിങ് ഗാങ്’ വഴിയുള്ള വൻതോതിലുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നു. ബ്രിട്ടീഷ് എംപിയായ രൂപർട്ട് ലോവിന്റെ നേതൃത്വത്തിൽ പുറത്തുവിട്ട സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 2,50,000 പെൺകുട്ടികളെങ്കിലും ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുന്ന് സംഘങ്ങളെയാണ് ‘ഗ്രൂമിങ് ഗാങ്’ എന്നു വിളിക്കുക.
ഇരയാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരായ വെളുത്ത പെൺകുട്ടികളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ-സുരക്ഷാ പരാജയങ്ങളിലൊന്നായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2005-നും 2017-നും ഇടയിൽ കൂട്ടായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 264 ശിക്ഷാവിധികൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിൽ, കുറ്റവാളികളിൽ 84 ശതമാനവും ദക്ഷിണേഷ്യൻ വംശജരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പാകിസ്ഥാൻ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ്.
പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ 87 ശതമാനത്തോളം പേർക്കും മുസ്ലിം നാമങ്ങളാണുള്ളതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം കുറ്റവാളികളും ഒടുവിൽ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാണ് ചെയ്തതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യുകെയിലെ മൊത്തം തദ്ദേശഭരണ പ്രദേശങ്ങളുടെ 40 ശതമാനത്തോളം വരുന്ന 149-ലധികം ജില്ലകളിൽ ഈ മാഫിയാ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. 11 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികളെപ്പോലും സമ്മാനങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവ നൽകി വലയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗം, പീഡനം, ബ്ലാക്ക്മെയിലിംഗ് എന്നിവയ്ക്ക് ഇരയാക്കുകയായിരുന്നു.
പ്രതികളുടെ വംശീയ-മത പശ്ചാത്തലം കാരണം നടപടിയെടുത്താൽ തങ്ങൾക്ക് നേരെ 'വംശീയവാദി' എന്ന മുദ്രകുത്തപ്പെടുമോ എന്ന ഭയമാണ് അധികൃതരെ പതിറ്റാണ്ടുകളായി നിശ്ശബ്ദരാക്കിയത്. ബ്രിട്ടന് വംശീയതയുടെ പ്രശ്നമല്ല ഉള്ളത്, മറിച്ച് കുടിയേറ്റത്തിന്റെ പ്രശ്നമാണ് ഉള്ളതെന്ന് റിപ്പോർട്ടിൽ രൂപർട്ട് ലോവ് എംപി കുറിച്ചു. ഇത്തരം കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘത്തലവന്മാർക്ക് കുറഞ്ഞത് 50 വർഷവും, പങ്കാളികളാകുന്നവർക്ക് 25 വർഷവും തടവുശിക്ഷ നൽകണമെന്ന് റിപ്പോർട്ട് ശക്തമായി ശുപാർശ ചെയ്യുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ ഉടനടി നാടുകടത്തണമെന്നും, ഇരട്ട പൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി പുറത്താക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ഫണ്ട് കണ്ടെത്തി തയ്യാറാക്കിയ ഈ റിപ്പോർട്ട് ബ്രിട്ടനിൽ ഇപ്പോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കുറ്റവാളികൾക്കെതിരെയും കടുത്ത നടപടി വേണമെന്ന ആവശ്യം രാജ്യത്ത് ശക്തമാവുകയാണ്.






