
സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ ഇന്ന് ലോകത്തുള്ള ഒട്ടുമിക്ക മേഖലകളും റോബോട്ടുകളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ആധുനിക ചികിത്സാരംഗത്ത് അടക്കം റോബോട്ടുകള്‍ നിലയുറപ്പിച്ച് കഴിഞ്ഞു. പല ശസ്ത്രക്രിയകളും ഇന്ന് റോബോട്ടുകളുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത് തന്നെ. ഇനിയും ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന കാഴ്ചയും നിലവില്‍ കാണാം. എന്നാല്‍ ഇവ കൃത്യമായ രീതിയില്‍ അനുശാസിക്കുംവിധത്തിലല്ല നടത്തപ്പെടുന്നത് എങ്കില്‍ അത് ഒരു ഗുരുതര പ്രശ്നമായി മാറും. ഇതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം യുഎസ്സില്‍ നിന്ന് പുറത്തുവരുന്ന സംഭവം.
റോബോട്ടിന്റെ സഹായത്തോടെ നടന്ന ശസ്ത്രക്രിയയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് ഭാര്യ മരിച്ച സംഭവത്തില്‍ കേസുമായി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ്. മലാശയ ക്യാന്‍സര്‍ ആയിരുന്നുവത്രേ സാന്ദ്ര സള്‍സര്‍ എന്ന സ്ത്രീക്ക്. കുടലില്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച റോബോട്ടിക് ഉപകരണം സാന്ദ്രയുടെ ആന്തരീകാവയവങ്ങളില്‍ പരുക്കേല്‍പിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ക്ക് പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഹാര്‍വേ സള്‍സര്‍ പറയുന്നു. മനുഷ്യകരങ്ങളെക്കാള് സൂക്ഷ്മമായി സര്‍ജറി ചെയ്യാന്‍ കഴിവുള്ള ഉപകരണം എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പരസ്യത്തില്‍ പറഞ്ഞിരുന്നത് എന്നും ഇതിന് ഇത്തരത്തിലുള്ള പോരായ്മകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് എന്തുകൊണ്ട് കമ്പനിക്ക് കണ്ടെത്താനായില്ല എന്നും ഹാര്‍വേ ചോദിക്കുന്നു.
ഇദ്ദേഹം 62 ലക്ഷം രൂപയാണ് കമ്പനിയോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് സാന്ദ്ര മരിച്ചത്. ഈ റോബോട്ട് ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയുടെ ആന്തരീകാവയവങ്ങള്‍ക്ക് കേട് വരുത്തിയേക്കാമെന്ന വിവരം കമ്പനിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്നും ഹാര്‍വേ തന്റെ പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഏതായലും റോബോട്ടിനെ ഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയയിലെ പിഴവിന്റെ പേരില്‍ വന്നിരിക്കുന്ന കേസ് വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നതും ചര്‍ച്ചാവിഷയമാകുന്നതും.






