
ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി ഒട്ടേറെ ഓര്‍മ്മകളാണ് തന്റെ ക്രിക്കറ്റ് കരിയറുമായി ബന്ധപ്പെട്ട് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കഥകള്‍ക്കെല്ലാം നല്ല വായനക്കാരുമുണ്ട്. പട്ടികയിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചുകൊണ്ടിരുന്ന കാലത്ത് നായകന് ഗൗതംഗംഭീറുമായി ഡ്രസ്സിംഗ് റൂമില്‍ വഴക്കടിച്ചതിനെക്കുറിച്ചും താരം പറയുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2013 എഡീഷനില്‍ ആയിരുന്നു സംഭവം. കെകെആര്‍ അന്ന് ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴിലാണ് കളിക്കുന്നത്. ഡ്രസ്സിംഗ് റൂമില്‍ വെച്ച് നായകനുമായി മുട്ടന്‍ വഴക്കുണ്ടാക്കി. എന്നാല്‍ അതൊന്നും പുറത്തുവന്നില്ല. 2012 ല്‍ ചാംപ്യന്മാരായിരുന്ന കെകെആറിനൊപ്പം ഒരു വര്‍ഷം കൂടി കളിക്കാന്‍ അവസരം കിട്ടി. അന്ന് ഗംഭീറുമായി വഴക്കുണ്ടാക്കാതെ നോക്കിയിരുന്നെങ്കില്‍ ടീമിനൊപ്പം ഒന്നോ രണ്ടോ വര്‍ഷം കൂടി കളിക്കാന്‍ കഴിയുമായിരുന്നു. കൂടുതല്‍ വര്‍ഷം കരാര്‍ കിട്ടുമായിരുന്നു. ബാങ്ക് അക്കൗണ്ടിലും പണം കൂടുമായിരുന്നു. എന്നാല്‍ അപ്പോള്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല.
2012 ല്‍ കൊല്‍ക്കത്ത ചാംപ്യന്മാരായപ്പോള് ടീമിന്റെ വിന്നിംഗ് റണ്‍ എടുത്തത് തിവാരിയായിരുന്നു. 2010 മുതല്‍ 2013 വരെയാണ് താരം അവര്‍ക്കൊപ്പം കളിച്ചത്. കൊല്‍ക്കത്തയില്‍ കളിക്കാനെത്തുന്നതിന് മുമ്പ് ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ കളിക്കാരനായിരുന്നു തിവാരി. 2008 -2009 സീസണിലായിരുന്നു. അവിടെ കളിക്കാരെ തെരഞ്ഞെടുക്കുന്ന രീതിയില്‍ അസഹിഷ്ണുത പുലര്‍ത്തിയാണ് ടീം വിടാന്‍ തീരുമാനിച്ചതെന്ന് താരം പറയുന്നു. അന്ന് ഗാരി കിര്‍സ്റ്റനാണ് പരിശീലകന്. ഒരു തവണ പോലും ഇലവണില്‍ അവസരം കിട്ടിയില്ല. ഇതോടെ തന്നെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പറഞ്ഞെന്ന് താരം വ്യക്തമാക്കി്
അന്ന് ഗാരി കിര്‍സ്റ്റനായിരുന്നു പരിശീലകന്. എന്റെ കണ്മുന്നിലൂടെ കളികള്‍ ഒന്നൊന്നായി കഴിയുകയാണ്. ആദ്യ ഇലവന് ആണെങ്കില്‍ നന്നായി പോകുന്നുമില്ല. ടീമിന്റെ കോംബിനേഷന്‍ വന്‍ പാളിച്ചയാണ്. മുന്‍നിര താരങ്ങള്‍ക്ക് പരിക്കേറ്റിട്ടും മികച്ച താരങ്ങള്‍ക്ക് അവസരം കൊടുക്കുനന്ില്ല. ഞാന്‍ നേരെ ചെന്നു പറഞ്ഞു. ഒന്നുകില്‍ എന്നെ ടീമില്‍ ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ എന്നെ ക്ലബ്ബ് വിടാന്‍ അനുവദിക്കുക. അന്ന് താന്‍ 2.8 കോടിക്കാണ് കരാറായത്. എന്നാല്‍ ഞാന്‍ പറഞ്ഞത് ടീം തെറ്റായി എടുക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി 12 ഏകദിനം കളിച്ച താരം അടുത്തിടെയാണ് വിരമിച്ചത്.




