തിരുവനന്തപുരം: ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് 2026 ബാസ്‌്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മലയാളികളായ നാല് കായിക വിദഗ്‌ധര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും എറണാകുളം സ്വദേശിയുമായ കെ. വിപിനാണ് ഇന്ത്യന്‍ അണ്ടര്‍-18 ടീമിന്റെ മുഖ്യ കോച്ച്. നിലവില്‍ ചങ്ങനാശേരി എസ്.ബി. കോളജിലാണു വിപിന്‍ സേവനം അനുഷ്‌ഠിക്കുന്നത്.
ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ബാസ്‌്കറ്റ്‌ബോള്‍ ഫെഡറേഷനും ബാസ്‌്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്‌ധരെയും നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്. പണ്ടപ്പിള്ളി സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറും കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ തൊടുപുഴ സ്വദേശി ഡോ. പ്രിന്‍സ് കെ. മറ്റം (ഫിബ മാച്ച് കമ്മിഷണര്‍), കോര്‍ട്ടിലെ ടേബിള്‍ ഡ്യൂട്ടികള്‍ നിയന്ത്രിക്കുന്ന ഫിബ സര്‍ട്ടിഫൈഡ് ടെക്‌നിക്കല്‍ ഒഫീഷ്യലായ കോഴിക്കോട് സ്വദേശി അതുല്‍ കൃഷ്‌ണന്‍, ടൂര്‍ണമെന്റ് ഡേറ്റയും സ്‌ഥിതിവിവരക്കണക്കുകളും കൈകാര്യം ചെയ്യുന്ന ഫിബ സര്‍ട്ടിഫൈഡ് ഒഫീഷ്യല്‍ സ്‌റ്റാറ്റിസ്‌റ്റിഷ്യന്‍ പത്തനംതിട്ട സ്വദേശി വിശാല്‍ രവി എന്നിവരാണ് ഈ മൂന്നുപേര്‍.
ഈമാസം 13 മുതല്‍ 23 വരെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീര്‍ സവര്‍ക്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്. നാലു ഗ്രൂപ്പുകളിലായി 16 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഗ്രൂപ്പ് ഡിയില്‍ കൊറിയ, ജപ്പാന്‍, കസഖ്‌സ്ഥാന്‍ എന്നീ കരുത്തര്‍ക്കൊപ്പമാണ് ഇന്ത്യ.
ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയ്, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് ടീമുകള്‍ മാറ്റുരയ്‌ക്കും. ഗ്രൂപ്പ് ബിയില്‍ ന്യൂസിലന്‍ഡ്, ലെബനന്‍, ബഹ്‌റൈന്‍, സിറിയ രാജ്യങ്ങളും ഗ്രൂപ്പ് സിയില്‍ ചൈന, ഇറാന്‍, ഖത്തര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. അടുത്തവര്‍ഷത്തെ ഫിബ അണ്ടര്‍-19 ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്.




Comments