
കയ്യില്‍ കെട്ടിക്കൊണ്ടുവന്ന ഓം പതിച്ച റിസ്റ്റ്ബാന്റ് മതചിഹ്നമാണെന്ന് പറഞ്ഞ് ടീച്ചര്‍ കുട്ടിയുടെ കയ്യില്‍ നിന്നും അഴിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ത്രിപുരയിലെ ഒരു സ്കൂളില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ പ്രതിഷേധം. ത്രിപുരയിലെ ഒരു സ്വകാര്യ ക്രിസ്ത്യന്‍ മിഷനറി സ്കൂളില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ഹിന്ദു അടയാളങ്ങളുള്ള റിസ്റ്റ് ബാന്റ് അഴിപ്പിച്ച പ്രവര്‍ത്തി മതവികാരം വ്രണപ്പെടുത്തലാണെന്ന് കാണിച്ചായിരുന്നു ബജ്രംഗദള് പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചത്.
വിവരം കുട്ടി വീട്ടില്‍ ചെന്നപ്പോള്‍ തന്റെ പിതാവിനോട് പറയുകയും പിതാവ് ഉടന്‍ പ്രധാന അദ്ധ്യാപകനെ വിളിച്ചു പറയുകയും ചെയ്തു. സംഭവത്തില്‍ വേണ്ട നടപടിയെടുക്കാമെന്നും താന്‍ ഇപ്പോള്‍ സ്ഥലത്തില്ല വൈസ് പ്രിന്‍സിപ്പലിനെ കാണാന്‍ പിതാവിനോട് പറയുകയും ചെയ്തു. ഫെബ്രുവരി 20 നായിരുന്നു ഈ സംഭവങ്ങള്‍. പിറ്റേന്ന് പിതാവ് ഒരുകൂട്ടം ആള്‍ക്കാരുമായി ചെന്ന് വൈസ് പ്രിന്‍സിപ്പലിനെ കാണുകയും റിസ്റ്റ് ബാന്റ് അഴിച്ച അദ്ധ്യാപികയെ കൊണ്ടു തന്നെ കുട്ടിയുടെ കയ്യില്‍ അത് കെട്ടിക്കാമെന്ന് വൈസ് പ്രിന്‍സിപ്പല്‍ പിതാവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയും ചെയ്തു.
സംഭവം പിന്നീട് ബജ്രംഗദള് ഏറ്റെടുക്കുകയും ചെയ്തു. ''ഈ മിഷനറി സ്കൂളുകളില്‍ കൗമാരക്കാരായ കുട്ടികളുടെ ജീവിതത്തില്‍ മതപരമായ വിലക്കുകള്‍ സൃഷ്ടിക്കപ്പെടുന്നു. അത്തരം പ്രവൃത്തികള്‍ പിന്നീട് കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.'' എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവേ, ഒരു ബജ്റംഗ്ദള്‍ നേതാവ് പറഞ്ഞത്.
''അഗര്‍ത്തലയിലെ ദുര്ജോയ്നഗര് ഏരിയയിലുള്ള ഹോളി ക്രോസ് സ്കൂളിലെ ഒരു വനിതാ ടീച്ചര്‍ ഒരു വിദ്യാര്‍ത്ഥിയെ ഹിന്ദു ചിഹ്നമായ ഓം കൊണ്ട് അലങ്കരിച്ച റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നത് വിലക്കി. ഇത് ആ കുട്ടിയുടെ മാത്രം മതവിശ്വാസത്തിന് നേരെയുള്ള ആക്രമണമല്ല, ഹിന്ദു മതത്തിന് നേരെയുള്ള ആക്രമണമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് ഈ രാജ്യത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും മതവികാരങ്ങള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും എതിരാണ്. ഇത്തരം പ്രവൃത്തികള്‍ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന റിസ്റ്റ് ബാന്റാണ് അതെന്നാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞത്.'' രണ്ടാം ക്ലാസ് മുതല്‍ തന്റെ മകന് ഈ സ്കൂളില്‍ പഠിക്കുകയാണ്. അവന് ഇപ്പോള്‍ എട്ടാം ക്ലാസിലാണ്.'' അതേസമയം മതചിഹ്നങ്ങള്‍ സ്പോര്‍ട് ചെയ്ത സമാനമായ ആക്സസറികള്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളെ ഇതേ അധ്യാപിക മുമ്പും തടഞ്ഞിട്ടുണ്ട്. കുട്ടികളെ മതങ്ങളുടെ ''ഇടുങ്ങിയ ചിന്താഗതി'' കൊണ്ട് വളര്‍ത്തരുത് എന്ന നിലപാടാണ് അദ്ധ്യാപിക എടുത്തിരുന്നതെന്നും പിതാവ് ആരോപിച്ചു.






