
അമേരിക്കന്‍ മേജര്‍ലീഗ് സോക്കറിലെ പുതിയ സീസണില്‍ മെസ്സിയുടെ ഇന്റര്‍മയാമിക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അവര്‍ റീയല്‍ സാള്‍ട്ട് ലേക്കിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ റോബര്‍ട്ട് ടെയ്ലറും രണ്ടാം പകുതിയില്‍ ഡിയഗോ ഗോമസും നേടിയ ഗോളുകളിലായിരുന്നു വിജയം. അസിസ്റ്റുമായി മെസ്സിയും ലൂയി സൂവാരസും നേട്ടത്തില്‍ പങ്കാളികളാകുകയും ചെയ്തു.
താരത്തിന്റെ കഴിവിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും സംശയിച്ചവര്‍ക്കെല്ലാം തകര്‍പ്പന്‍ മറുപടി നല്കുന്ന വിധത്തിലുള്ള പ്രകടനമാണ് കളിയില്‍ ഉടനീളം മെസ്സി കാട്ടിയത്. കളിയുടെ 18 ാം മിനിറ്റില്‍ തന്നെ താരം ഗോള്‍ നേടിയെന്ന് തോന്നിപ്പിക്കുകയും ചെയ്തു. 30 അടി അകലത്ത് നിന്നും തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് ആഴ്ന്നിറങ്ങിയെങ്കിലും ജസ്റ്റിന് ഗ്ളാഡ് ലൈനില്‍ നിന്നും ഹെഡ് ചെയ്തു നീക്കി. എന്നാല്‍ ഈ പ്രതിരോധം അധികം സമയം നീണ്ടില്ല. സഹതാരം ബുസ്ക്കറ്റ്സുമായി ചേര്‍ന്ന് മെസ്സി നടത്തിയ നീക്കം 39 ാം മിനിറ്റില്‍ ഗോള്‍ കൊണ്ടുവന്നു. മെസ്സിയുടെ അസിസ്റ്റില്‍ ഫിന്‍ലന്റ് താരം റോബര്‍ട്ട് ടെയ്ലര് സ്കോര്‍ ചെയ്തു.
എണ്‍പത്തിമൂന്നാം മിനിറ്റില്‍ മുന്‍ ബാഴ്സിലോണ താരം ലൂയിസ് സുവാരസുമായി മെസ്സി നടത്തിയ നീക്കവും ഗോളിലേക്കെത്തി. സുവാരസ് നല്കിയ അസിസ്റ്റില്‍ ഇത്തവണ ഡിയഗോ ഗോമസായിരുന്നു മയാമിയുടെ ഗോള്‍ സ്കോര്‍ ചെയ്തത്. മെസ്സി സുവാരസ് സഖ്യത്തിന്റെ മനപ്പൊരുത്തത്തോടെയുള്ള നീക്കം മയാമിയെ ഒരു ഗോളിലേക്ക് കൂടി അടുപ്പിച്ചിരുന്നു. എന്നാല്‍ സുവാരസിന്റെ ഗോള്‍ നേടാനുള്ള ശ്രമം മക്മാത്തിന്റെ റിഫ്ളക്സ് സേവില്‍ പന്ത് വലയില്‍ എത്താതെ പോയി. ഞായറാഴ്ച ലോസ് ഏഞ്ചല്‍സ് ഗ്യാലക്സിയാണ് എതിരാളികള്‍.



