ന്യുഡല്‍ഹി: വിളകള്‍ക്ക് താങ്ങുവിലയും കര്‍ഷക പെന്‍ഷനും ഇന്‍ഷുറന്‍സും ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭരണകൂടം. സമരത്തിനിടെ സ്വകാര്യ, പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് ബാലന്‍സ് പിടിച്ചെടുക്കുമെന്നും ഹരിയാനയിലെ അംബാല പോലീസ് അറിയിച്ചു.
കര്‍ഷകര്‍ക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് അംബാല എഎസ്പി പൂജ ദബാല അറിയിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് കര്‍ഷക സംഘടനകളോടും നേതാക്കളോടും ആവശ്യപ്പെടുകയാണെന്നും എഎസ്പി പറഞ്ഞു.
അതിനിടെ, കര്‍ഷക സമരത്തിനിടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഖനൗരി അതിര്‍ത്തിയിലാണ് ഇന്നലെ രാത്രി ഒരു കര്ഷകന് മരണപ്പെട്ടത്. 62കാരനായ ദര്ശന് സിംഗ് ആണ് മരിച്ചത്. പഞ്ചാബിലെ ബതിന്ദ അമര്‍പുര സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി.
അതേസമയം, കഴിഞ്ഞ ദിവസം ഖനൗരി അതിര്‍ത്തിയില്‍ മരിച്ച കര്ഷകന് ശുഭ്കരന്‍ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു. സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സിംഗിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചാബ് അതിര്‍ത്തിയില്‍ കടന്ന് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ന്ന ഹരിയാന പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ആവശ്യപ്പെട്ടു.






