ഹൈദരാബാദ്: വിവാഹം കഴിക്കാനായി സംഗീത ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ സംരംഭക അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബിസിനസ് നടത്തുന്ന 31കാരിയായ ബോഗിറെഡ്ഡി തൃഷ ആണ് ഹൈദരാബാദില്‍ അറസ്റ്റിലായത്. അഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ എം.ഡിയാണ് ഇവര്‍.
അവതാരകനായ പ്രണവ് സിസ്റ്റലിന്റെ പേരില്‍ വിവാഹ പരസ്യം മാട്രിമോണിയല്‍ സൈറ്റില്‍ കണ്ട യുവതി രണ്ടു വര്‍ഷമായി ഇയാളുമായി ചാറ്റിംഗ് നടത്തുകയും വിവാഹാഭ്യര്‍ത്ഥന നടത്തും ചെയ്തു. എന്നാല്‍ ഇ, ഐഡി വ്യാജമായിരുന്നു. പ്രണവിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ ആള് തൃഷയില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ആരോപണമുണ്ട്.
വിവാഹ സൈറ്റില്‍ കണ്ടത് വ്യാജ പ്രൊഫൈല്‍ ആണെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെയാണ് ഇക്കാര്യം അവതാരകനെ അറിയിച്ചത്. അവതാരകന് ഇക്കാര്യം സൈബര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവതാരകനുമായി അടുക്കാനുള്ള ഉദ്ദേശത്തില്‍ യുവതി ചാറ്റിംഗ് തുടര്‍ന്നുവെങ്കിലും അയാള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
എന്നാല്‍ അവതാരകനെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച യുവതി അയാളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി തയ്യാറാക്കി. അയാളുടെ നീക്കങ്ങളറിയാന്‍ കാറില്‍ നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയും തട്ടിക്കൊണ്ടുപോകലിന് നാല് പേരെ വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഫെബ്രുവരി 11ന് നാലംഗ സംഘം അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫീസില്‍ പാര്‍പ്പിച്ചു. സംഘം അയാളെ മൃഗീയമായി മര്‍ദിക്കുകയും ചെയ്തു.
യുവതിയുടെ ഫോണ്‍ കോളുകള്‍ എടുക്കാമെന്നും സംസാരിക്കാമെന്നും ഉറപ്പ് നല്കിയ ശേഷമാണ് അയാളെ വിട്ടയച്ചത്. അവതാരകന് തുടര്‍ന്ന് ഉപ്പാള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സമാനമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യുവതിയെയും സംഘത്തിലെ നാലു പേരെയും പോലീസ് 22ന് അറസ്റ്റു ചെയ്യുകയുമായിരുന്നു.






