
ഇസ്ളാമാബാദ്: അറബിഭാഷയില്‍ വാക്യങ്ങള്‍ എഴുതിയ വസ്ത്രം ധരിച്ചെത്തിയ യുവതിയ്ക്ക് നേരെ പാകിസ്താനില്‍ ആക്രമണം. ഖുറാന് വാക്യങ്ങളാണ് കുറിച്ചിരിക്കുന്നതെന്നും മതനിന്ദ കാട്ടിയെന്നും ആരോപിച്ച് യുവതിയ്ക്ക് നേരെ കയ്യേറ്റം നടത്താന്‍ ഒരുകൂട്ടം ആള്ക്കാര് ശ്രമിച്ചെങ്കിലും വനിതാ പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ളവര്‍ തക്കസമയത്ത് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. ലാഹോറില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിനൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി യുവതി എത്തിയപ്പോഴായിരുന്നു സംഭവം.
യുവതിയുടെ വസ്ത്രവും അതിലെ അറബിവാക്കുകളും ശ്രദ്ധിച്ച ഹോട്ടലില്‍ ഉള്ളവരാണ് ആദ്യം അവര്‍ക്കെതിരേ തിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ എക്സിലും മറ്റും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുകൂട്ടം ആള്ക്കാര് യുവതിയുടെ ചിത്രം വീഡിയോയില്‍ പകര്‍ത്തുന്നതും പിന്നാലെ ആള്ക്കാര് ഇവര്‍ക്ക് നേരെ ആക്രോശിക്കുന്നതും തുടര്‍ന്ന് യുവതി റെസ്റ്റോറന്റിന്റെ ഒരു മൂലയില്‍ ഭര്‍ത്താവിന് പിന്നിലേക്ക് ഒളിക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥ ഇവരെ രക്ഷപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ആള്ക്കാര് ആക്രോശിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതിയുടെ സംരക്ഷണത്തിനായി പോലീസ് സ്ഥലത്തെത്തിയിരുന്നു.
ആളു കൂടിയതോടെ ഷട്ടറിട്ട കടയ്ക്ക് മുന്നിലേക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥ പിന്നീട് കടയുടെ ഉള്ളിലേക്ക് കയറിപ്പോയ ശേഷം യുവതിയെ അണച്ചുപിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. ഈ സമയത്ത് യുവതി കറുത്ത പര്‍ദ്ദയാണ് ഇട്ടിരിക്കുന്നത്. ഇവരുടെ മുഖം ഷാള്‍ ഇട്ട് മറച്ച നിലയിലുമാണ്. സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. തക്കസമയത്ത് വേണ്ടവിധത്തില്‍ ഇടപെട്ട് ജനങ്ങളെ ശാന്തരാക്കി യുവതിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥയുടെ കര്‍മ്മധീരത കാണിക്കുന്നതിന് പഞ്ചാബ് പോലീസും വീഡിയോ പങ്കു വെച്ചിട്ടുണ്ട്. യുവതി പിന്നീട് തന്റെ എക്സ് പേജിലൂടെ മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.






