ലക്നൗ: ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിനിടെ അട്ടിമറി. സമാജ്വാദി പാർട്ടിയാണ് കൂറുമാറ്റ ഭീഷണി നേരിടുന്നത്. നിയമസഭയിലെ സമാജ്വാദി പാർട്ടിയുടെ ചീഫ് വിപ് മനോജ് കുമാർ പാണ്ഡെ തത്സ്ഥാനം രാജിവച്ചു. ഉൻചാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് കുമാർ. ഇന്നലെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിളിച്ച അത്താഴ വിരുന്നിൽ നിന്ന് എട്ട് എംഎൽഎമാർ വിട്ടുനിന്നിരുന്നു. ഇതോടെ പാർട്ടി കൂറുമാറ്റ ഭീഷണിയിലാണെന്ന് വ്യക്തമായിരുന്നു.
യു.പിൽ നിന്നുള്ള 10 രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. സമാജ്വാദി പാർട്ടിയിൽ വിള്ളൽ വന്നതോടെ ബിജെപിയുടെ എട്ടാമത്തെ സ്ഥാനാർത്ഥിയും വിജയിക്കുമെന്ന സൂചനയാണ് വരുന്നത്.
പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി എംഎൽഎമാരെ ബിജെപി സമ്മർദ്ദത്തിലാക്കുകയാണെന്ന് അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഇതാണ് ബിജെപിയുടെ രീതി. അവർ ആളുകളിൽ ഭയം നിറയ്ക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. അല്ലെങ്കിൽ പഴയ കേസുകൾ കുത്തിപ്പൊക്കെി അവരെ സമ്മർദ്ദത്തിലാക്കുന്നു. ഇതൊന്നും ഈ തിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.
സമാജ്വാദി പാർട്ടിയുടെ മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് അദ്ദേഹം രാവിലെ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി വിജയിക്കാനായി എല്ലാ കളികളും പരീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ ചില നേതാക്കളും വ്യക്തിഗത നേട്ടത്തിനായി ബിജെപിക്കൊപ്പം പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തകാലത്ത് രാജ്യസഭയിലേക്കുള്ള 56 സീറ്റുകളാണ് ഒഴിവുവന്നത്. 41 സീറ്റുകളിൽ എതിരില്ലാതെ അംഗങ്ങളെ തിരഞ്ഞെടുത്തു. 10 സീറ്റുകൾ ഉത്തർപ്രദേശിൽ നിന്നാണ്. കർണാടകയിൽ നാലും ഹിമാചൽ പ്രദേശിൽ ഒരു സീറ്റിലും ഒഴിവുവന്നിട്ടുണ്ട്.
യു.പിയിൽ ഒഴിവുള്ള 10 സീറ്റുകളിൽ 11 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 8 പേർ ബിജെപിയിൽ നിന്നും മൂന്ന് പേർ സമാജ്വാദി പാർട്ടിയിൽ നിന്നും. നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് ഏഴ് പേരെയും സമാജ്വാദി പാർട്ടിക്ക് മൂന്ന് പേരെയും വിജയിപ്പിക്കാം. എന്നാൽ സമാജ്വാദി പാർട്ടിയിൽ കൂറുമാറ്റ ഭീഷണി വന്നതോടെ ബിജെപിയുടെ എട്ട് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് വ്യക്തമായി. സമാജ്വാദിയുടെ ഒരു സ്ഥാനാർത്ഥി പരാജയപ്പെടും.






