ഷിംല: ഹിമാചല്‍ പ്രദേശില്‍ കൂറുമാറി ബിജെപിയെ സഹായിച്ച ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കി. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിപ് ലംഘിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും ബജറ്റ് സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതിനാണ് നടപടി.
ഇന്നലെ ഇവര്‍ക്ക് കത്ത് നല്കിയ സ്പീക്കര്‍ ഇവരില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു. ഇതിനു ശേഷമാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഇനി വേണമെങ്കില്‍ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാം.
കോണ്‍ഗ്രസിന് നിയമസഭയില്‍ 40 അംഗങ്ങളാണുണ്ടായിരുന്നത്. ആറ് പേരെ അയോഗ്യരാക്കിയതോടെ അംഗബലം 34 ആയി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മനു അഭിഷേക് സിംഗ്വിക്കെതിരെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരുമാണ് മാറി വോട്ട് ചെയ്തത്.
സുധീര്‍ ശര്‍മ്മ (ധരംശാല), രജിന്ദര്‍ റാണ (സുജന്‍പുര്‍), ഇന്ദര്‍ ദത്ത് ലഖന്പാല് (ബദ്സര്), രവി താക്കൂര്‍ (ലഹൗല്‍-സ്പിതി), ചൈതന്യ ശര്‍മ്മ (ഗഗ്രെറ്റ് ) ദേവേന്ദര്‍ ഭൂട്ടോ (കുലെഹര്) എന്നിവരെയാണ് അയോഗ്യരാക്കിയത്.
68 അംഗങ്ങളാണ് നിയമസഭയിലുള്ളത്. 25 പേര് ബിജെപി അംഗങ്ങളാണ്. ആറ് പേര് അയോഗ്യരായതോടെ സഭയിലെ അംഗസംഖ്യ 62 ആയി. സര്‍ക്കാരിന് ഭൂരിപക്ഷത്തിന് വേണ്ടത് 32 പേരുടെ പിന്‍ബലമാണ്. നിലവില്‍ 34 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. അതിനിടെ, 15 ബിജെപി എംഎല്‍എമാരെ സസ്പെന്റ് ചെയ്തതോടെ സര്‍ക്കാരിനുണ്ടായിരുന്ന ഭീഷണി താത്ക്കാലികമായി ഒഴിവായി.






