ന്യുഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു)യില്‍ എബിവിപി- ഇടതു വിദ്യാര്‍ത്ഥി സംഘര്‍ഷം. ജനറല്‍ ബോഡി യോഗത്തിനിടെ വ്യാഴാഴ്ച രാത്രി യൂണിവേഴ്സിറ്റി കാമ്പസില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. സ്കൂള്‍ ഓഫ് ലാംഗേജസില് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ തലപൊട്ടി രക്തമൊലിക്കുന്ന നിലയിലാണ്. ഒരു വിദ്യാര്‍ത്ഥി സൈക്കിള്‍ എടുത്ത് എതിര് വിഭാഗത്തിനു നേര്‍ക്ക് എറിയുന്ന ദൃശ്യവും പുറത്തുവന്നു. പരിക്കേറ്റവരെ സഫദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, സംഘര്‍ഷത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസും വ്യക്തമാക്കി.
എബിവിപി പ്രവര്‍ത്തകര്‍, ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഫെഡറേഷന് (ഡിഎസ്എഫ്), ഓള് ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന് എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അശ്ലീലവും ജാതി പറഞ്ഞുള്ള ആക്ഷേപവും നടന്നു. സുരക്ഷാ ജീവനക്കാര തടഞ്ഞുവച്ചു.






