
താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞ് 68 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലായ ജിജോ സാജു (31) മുന്‍പും ഹൈവേ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് പോലീസ്. ജിജോ സാജു ഈ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ഒരു ഹൈവേ കവര്‍ച്ചാക്കേസിലും പ്രതിയാണെന്നാണ് പോലീസ് അറിയിച്ചു.
എറണാകുളം കോട്ടപ്പടി സ്വദേശിയായ ജിജോ കേസില്‍ പിടിയിലാകുന്ന എട്ടാമത്തെ ആളാണ്. എറണാകുളം പെരുമ്പാവൂര്‍ കോട്ടപ്പടിയില്‍ വെച്ച് കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.
ചുരത്തില്‍ കവര്‍ച്ച നടന്നതിന് രണ്ട് ദിവസം മുമ്പ് ജിജോ സാജു ഉള്‍പ്പെട്ട സംഘം വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് അറിയിച്ചു. മൈസൂരുവില്‍ നിന്ന് സ്വന്തം കാറില്‍ വരികയായിരുന്ന വിശാലിനെ, ജിജോ സാജു സ്വന്തം കാറില്‍ ബത്തേരി മുതല്‍ പിന്തുടരുകയും വിവരം കൂട്ടാളികള്‍ക്ക് കൈമാറുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം വിഹിതമായി കിട്ടിയ രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് കൂട്ടാളികള്‍ക്കൊപ്പവും കുടുംബസമേതവും ഗോവയിലും മറ്റുമായി ജിജോ വിനോദസഞ്ചാരം നടത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു.






