
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് കണ്ടെത്തിയതായി 2024–25 വർഷത്തെ സിഎജി റിപ്പോർട്ട്. 262.06 കോടി രൂപ സഞ്ചിത ഫണ്ടിലേക്ക് ക്രമരഹിതമായി മാറ്റിയതായാണ് കണ്ടെത്തൽ. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കുന്നതിന് ഈ തുക ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു.
കൂടാതെ, 3511.62 കോടി രൂപയുടെ നിറവേറ്റാത്ത ബാധ്യതകൾ നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2016 മുതൽ 2024 വരെ വിവിധ ഗ്രാന്റുകൾ നൽകിയ വകയിൽ 2629.79 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്യ നിർമ്മാണ മേഖലയിലെ അലംഭാവവും നികുതി പിരിവിലെ വീഴ്ചകളും മൂലം 71 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പറമ്പിക്കുളം–ആളിയാർ പദ്ധതിക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് ഫീസ് തമിഴ്നാട് സർക്കാരിൽ നിന്ന് ഈടാക്കാത്തതിനെ തുടർന്ന് 1.70 കോടി രൂപയുടെ നഷ്ടവും ഉണ്ടായതായി പറയുന്നു.
പാട്ട വാടക പരിഷ്കരിക്കാത്തതിനാൽ പാട്ടക്കാരിൽ നിന്ന് പിരിച്ചെടുക്കേണ്ടിയിരുന്ന 37 കോടി രൂപയും നഷ്ടമായതായാണ് സിഎജി കണ്ടെത്തൽ. ഈ കാലയളവിൽ കേന്ദ്ര സഹായത്തിൽ 42 ശതമാനം കുറവ് വന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.






