
ന്യൂഡല്‍ഹി: ബിഎസ്പി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയുടെ സഹോദരന് അനധീകൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍. മായവതിയുടെ സഹോദരന് ആനന്ദ് കുമാര്‍ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിച്ചത് 1,316 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന 2007 മതല്‍ 2012 വരെയുള്ള കാലത്താണ് ഇത് സമ്പാദിച്ചത് എന്നതാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവിട്ടത്.
മായവതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2007ല്‍ ആനന്ദ് കുമാറിന്റെ സമ്പാദ്യം 7.5 കോടി രൂപയായിരുന്നു. എന്നാല്‍ വളരെ പെട്ടന്നാണ് ഇത് 1,316 കോടിയിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 18,700 ശതമാനത്തിന്റെ അധികസമ്പാദ്യമാണ് ആനന്ദ് കുമാര്‍ വാരിക്കുട്ടിയിരിക്കുന്നത്.
ഡല്‍ഹിയില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്രിതി ഹോട്ടലിന്റെ 65,000 ഡിബഞ്ജറുകളും ആനന്ദ് കുമാറിന്റെ കൈവശമാണുള്ളത്. ആനന്ദ്കുമാറിന്റെ ബിനാമി ഇടപാടിലുള്ള ഭാസ്കര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ്, ക്ലിഫ്ടോണ് പിയേഴ്സണ്‍ എക്സപോര്‍ട്ട് ആന്‍ഡ് ഏജന്‍സി, ഡെല്ടോണ് എക്സിം അടക്കമുള്ള കമ്പനികള്‍ക്ക് 5,00,150 ഷെയ്റുകളാണ് ആക്രിതി ഹോട്ടലിന്റെ പക്കലുള്ളത്. മൂന്ന് കമ്പനികളും ഒരു മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,790 രൂപയാണ് ഷെയറിന്റെ മൂല്യം. മായാവതിയുടെ ബിനാമിയാണോ സഹോദരന് എന്നതടക്കമുള്ള കാര്യങ്ങളാണ് പുറത്തുവരാനുള്ളത്.
നോട്ട് അസാധുവാക്കല്‍ നടപടി ഉയര്‍ന്നപ്പോള്‍ മുതല്‍ ഏറ്റവുമധികം എതിര്‍പ്പുമായി രംഗത്തുവന്നതും മായാവതിയായിരുന്നു. രൂക്ഷവിമര്‍ശനമായിരുന്നു പ്രധാനമന്ത്രിക്ക് നേരെ ഉയര്‍ത്തിയത്.






