
റാഞ്ചി: ഏഴുപേര്‍ ചേര്‍ന്നായിരുന്നു കുറ്റകൃത്യം നടത്തിയതെന്നും തനിക്ക് നേരെ ഇടിയുടേയും തൊഴിയുടേയും മഴ പെയ്യിക്കുകയായിരുന്നെന്നും ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്പാനിഷ് വനിത. തനിക്ക് നേരെ ലൈംഗികപീഡനം അടക്കമുള്ള ക്രൂരതകള്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു എന്നും ശനിയാഴ്ച രാത്രി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി. അവര്‍ തന്നെ കൊല്ലാന്‍ പോകുകയായിരുന്നെന്ന് വിചാരിച്ചതായും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതില്‍ താന്‍ ദൈവത്തിന് നന്ദി പറയുന്നതായും യുവതി പറഞ്ഞു.
സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും നാലുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ ആയിരുന്നെന്നും ഡുംകാ പോലീസ് പറഞ്ഞു. ഇരയ്ക്ക് നിതീഉറപ്പാക്കാനും നിയമപരമായ മറ്റു കാര്യങ്ങള്‍ക്കുമായി ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് സഹായവും പ്രത്യേക ടീമിനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ പ്രത്യേകമായ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുളള ദേശീയ വനിതാകമ്മീഷന് ഝാര്‍ഖണ്ഡിലെ നിയമവാഴ്ചയില്‍ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും ഞായറാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചിട്ടുണ്ട്. ഹന്സിധാ പോലീസ് സ്റ്റേഷന് പരധിയില്‍ വരുന്ന കുഞ്ഞോയിലും മറ്റുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരുമാണ് പ്രതികളെല്ലാം തന്നെ. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കുറ്റവാളികളില്‍ ചിലര്‍ക്ക് ഏതാനും ഇംഗ്ളീഷ് വാക്കുകള്‍ അറിയാമായിരുന്നു എന്നും അതു പറഞ്ഞുകൊണ്ടായിരുന്നു അവര്‍ തങ്ങളെ രാത്രി സമീപിച്ചതെന്നും ഇര എഫ്ഐആറില്‍ പറയുന്നു. കുറ്റവാളികളില്‍ ചിലര്‍ അതിഥി തൊഴിലാളികളായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ നിന്നുമാണ് ഇവര്‍ ഏതാനും ഇംഗ്ളീഷ് വാക്കുകള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇവരുടെ വിദ്യാഭ്യാസവും മറ്റു പശ്ചാത്തലവും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ നിന്നും ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു.






