
വിചിത്രമെന്ന് തോന്നിക്കുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ബിഹാറില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് നെറ്റീസണ്സിനിടയിലെ പുതിയ ചര്‍ച്ചാവിഷയം. എന്താണന്നല്ലേ? ഇവിടെ ഒരു അധ്യാപകന് മദ്യപിച്ച് സ്കൂളിലെത്തുകയും സ്കൂളിന് അവധി പ്രഖ്യാപിക്കുകയും കുട്ടികളോട് വീട്ടില്‍ പൊയ്ക്കോളാന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇത് അറിഞ്ഞ് രോഷാകുലരായ നാട്ടുകള്‍ ഇയാളെ കെട്ടിയിടുകയും പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. സ്കൂള്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ബിഹാറിലെ റോഹ്താസ് ജില്ലയിലെ നൗഹട്ട ഏരിയയിലെ മിഡില്‍ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം നടന്നതത്രെ. രവിശങ്കര്‍ ഭാരതി എന്ന അധ്യാപകനാണ് മദ്യപിച്ച് സ്കൂളിലെത്തിയത്. നാല് അധ്യാപകരും 185 വിദ്യാര്‍ത്ഥികളുമാണ് സ്കൂളില്‍ ഉള്ളത്. രവിശങ്കറാണ് അധ്യാപകരില്‍ ആദ്യം അന്ന് സ്കൂളിലെത്തിയത്. പിന്നാലെ വിദ്യാര്‍ത്ഥികളോട് ഇന്ന് സ്കൂളില്ല എന്നും എല്ലാവരും വീട്ടില്‍ പോയ്ക്കോ എന്നും ഇയാള്‍ പറയുകയായിരുന്നു.
മക്കള്‍ സ്കൂളില്‍ പോയതുപോലെ തന്നെ മടങ്ങി വന്നത് കണ്ട രക്ഷിതാക്കള്‍ അവരോട് കാര്യം തിരക്കി. അപ്പോഴാണ് അധ്യാപകന് തങ്ങളോട് വീട്ടില്‍ പോയ്ക്കൊള്ളാന്‍ പറഞ്ഞ കാര്യം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ രക്ഷിതാക്കളോട് പറയുന്നത്. ഇത് കേട്ട് ദേഷ്യം വന്ന മാതാപിതാക്കള്‍ സ്കൂളിലെത്തി. അധ്യാപകനെ കുടിച്ച രീതിയില്‍ കാണുകയും ഇയാളെ കെട്ടിയിട്ട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു എ പിന്നീട്, ഇയാളെ കോടതിയില്‍ ഹാജരാക്കി. പിഴയൊടുക്കിയ ശേഷം പോകാന്‍ അനുവദിക്കുകയായിരുന്നു.
''പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ അധ്യാപകന് മദ്യപിച്ചിരുന്നു. ഞങ്ങള്‍ അയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിഴയടച്ചതിന് ശേഷമാണ് കോടതി ഇയാളെ വിട്ടയച്ചത്'' എന്ന് നൗഹട്ട എസ്എച്ച്ഒ ഖ്യാമുദ്ദീന് വെള്ളിയാഴ്ച പറഞ്ഞു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബിഇഒ) സച്ചിദാനന്ദ് സാഹ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ഇത് വളരെ ഗുരുതരമായ സംഭവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






