
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷ് എസ് എൽ ആണ് ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂൾ മാനേജരിൽ നിന്ന് 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച സ്കൂൾ ലിഫ്റ്റിന്റെ വാർഷിക പരിശോധനയ്ക്കായി സുമേഷ് എത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മാനേജറോട് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. മാനേജർ സ്കൂൾ അധികാരികളോട് ചോദിക്കാതെ പണം നൽകാൻ സാധിക്കില്ലെന്ന് മറുപടി നൽകി. മാനേജ്മെൻ്റിനെ അറിയിച്ച ശേഷം ഫോണിൽ വിവരമറിയിക്കാൻ നിർദ്ദേശിച്ച ശേഷം ഇയാൾ മടങ്ങുകയായിരുന്നു.
പിന്നീട് ഇന്ന് പാലാ ഭാഗത്തുള്ള പോളിടെക്നിക്കൽ പരിശോധനയ്ക്കായി വരുമ്പോൾ 7000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ സ്കൂൾ മാനേജറെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിച്ചത്. തുടര്ന്ന് കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയോടെ പണം കൈപ്പറ്റിയ സുമേഷിനെ പിടികൂടിയത്.






