
ലണ്ടന്‍: ദുര്‍ബ്ബലരായ ഷെഫീല്‍ഡിനെ തകര്‍ത്തെറിഞ്ഞ് ആഴ്സണല്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കുറിച്ചത് വന്‍ വിജയം. ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കായിരുന്നു ആഴ്സണല്‍ എതിരാളികളെ തകര്‍ത്തുവിട്ടത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള വ്യത്യാസം കേവലം രണ്ടു പോയിന്റായി കുറയക്കാനും ആഴ്സണലിനായി.
കളി 13 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയ ആഴ്സണല്‍ 39 മിനിറ്റിനുള്ളില്‍ സ്മകാര്‍ നില 5-0 ലേക്ക് മാറ്റാനും ആഴ്സണലിനായി. മാര്ട്ടിന് ഒഡേഗാര്‍ഡ്, ഗബ്രിയേലി മാര്‍ട്ടിനെല്ലി, കൈ ഹാവെര്‍ട്ട്സ്, ഡെക്ലാന് റീസ്, ബെന്‍ വൈറ്റ് എന്നിവരായിരുന്നു ആഴ്സണലിനായി സ്കോര്‍ ചെയ്തത്. ഇതിനൊപ്പം ജെയ്ഡന്‍ ബോഗ്ലേയുടെ സെല്‍ഫ്ഗോളും വന്നതോടെ ഷെഫീല്‍ഡ് തകര്‍ന്നു.
ശനിയാഴ്ച ലിവര്‍പൂള്‍ നോട്ടിംഗാം ഫോറസ്റ്റിനെയും മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെയും തോല്‍പ്പിച്ചതോടെ ആഴ്സണലിനും വിജയം അനിവാര്യമായിരുന്നു. കളിയില്‍ ഉടനീളം ആധിപത്യം നേടിയ ആഴ്സണല്‍ എതിരാളികളോട് തരിമ്പും ദയകാട്ടിയില്ല. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അവരുടെ ആക്രമണം ബാറില്‍ തട്ടി മടങ്ങി. വെറും 22 മിനിറ്റുകള്‍ക്ക് ഉള്ളില്‍ 10 ഷോട്ടുകളാണ് തൊടുത്തത്. ഈ സീസണില്‍ ഡബിള്‍ എഞ്ചിനുമായി നീങ്ങുന്ന ആഴ്സണല്‍ തകര്പ്പന്ഫോമിലാണ്. ഈ സീസണില്‍ ഇതുവരെ അവര്‍ 31 ഗോളുകള്‍ നേടിക്കഴിഞ്ഞു.






