ലക്നൗ: ക്രിമിനലുകളോടും ഗുണ്ടകളോടും മുഖംനോക്കാതെ നടപടിയെടുക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന് കാരുണ്യത്തിന്റെ മുഖമുണ്ടെന്ന് കാണിച്ചു തരികയാണ് അധികൃതര്‍. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ക്രിമിനലിന്റെ മകളുടെ വിവാഹം ഏറ്റെടുത്ത് നടത്തുകയാണ് പോലീസ്. വിവാഹ വേദിയും ഭക്ഷണവും വസ്ത്രങ്ങളും മാത്രമല്ല, വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയാണ് പെണ്‍കുട്ടിയെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് കൊടുക്കുന്നത്.
വിലയേറിയ വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, ബൈക്ക് തുടങ്ങിയവും പോലീസ് നല്കി. മകളുടെ വിവാഹം ഇത്രയും ഭംഗിയായി നടക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് അമ്മ. പറഞ്ഞു. യു.പി പോലീസ് കുടുംബത്തിന്റെ രക്ഷകരായി മാറിയെന്നും അവര്‍ പറയുന്നു.
യു.പിയിലെ ഒറയ് ജില്ലയിലെ കോട്വാലി പോലീസ്് സ്റ്റേഷലെ കോണ്‍സ്റ്റബില്‍ ഭെദ്ജിത് സിംഗിനെ 2023 മേയ് 10ന് ഒരു സംഘം ക്രിമിനലുകള്‍ വധിച്ചിരുന്നു. നാല് ദിവസത്തിനു ശേഷം പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ രമേശ് റായ്ക്വാര്‍, കല്ലു അധിര്വാര് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. രമേശ് റായ്ക്വാറിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ പോലീസ് അവരെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രമേശിന്റെ ഭാര്യ താരയ്ക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് പോലും ഗതിയില്ലാതെ കഷ്ടപ്പെട്ട കുടുംബമാകട്ടെ വിവാഹ പ്രായമായ രണ്ട് പെണ്മക്കളുടെ അവസ്ഥയും പോലീസിനു മുന്നില്‍ അവതരിപ്പിച്ചു. ഇതോടെ കുടുംബത്തെ സഹായിക്കാന്‍ പോലീസ് തീരുമാനിച്ചു.
മകള്‍ ശിവാനിയുടെ വിവാഹം നിശ്ചയിച്ച കാര്യം താര പോലീസിനെ അറിയിച്ചതോടെ അവരും ഒരുക്കങ്ങള്‍ തുടങ്ങി. വിവാഹ ചെലവിലേക്കുള്ള പണം പോലീസ് സ്വരൂപിച്ചു. മാര്‍ച്ച രണ്ടിന് ആഘോഷമായി വിവാഹവും നടന്നു.
യു.പി പോലീസിന്റെ മാനുഷികതയുടെ ഈ വശം താന്‍ കണ്ടിട്ടില്ലെന്ന് താര പറഞ്ഞു. ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ കടുത്ത ദാരിദ്ര്യത്തിലായി കുടുംബം. വിവാഹ പ്രായമായ രണ്ട് പെണ്മക്കളുമായി ജീവനൊടുക്കിയാലോ എന്ന് വരെ കരുതി. എന്നാല്‍ പോലീസ് എല്ലാ സഹായവുമായി എത്തി. സാമ്പത്തിക സഹായം മാത്രമല്ല, വിവാഹം ഭംഗിയായി നടത്തുന്നതിന് എല്ലാ സഹായവും നല്കി. ഇന്ന് അവര്‍ വാഗ്ദാനം പാലിച്ചുവെന്നും താര പറഞ്ഞു.