
ചിലരുടെ വേർപാട് നേരിട്ട് പരിചയമില്ലാത്തവർക്കു പോലും വേദനയുണ്ടാക്കും. അതുപോലെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ലാൽ ജോസ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. മാർച്ച് എട്ടിന് തീയേറ്ററുകളിലെത്തുന്ന 'ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ച വാർത്തയാണത്. സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കയെയാണ് "ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി നിസ്സാം റാവുത്തർ യാത്രയായി... വിട, ആദരാഞ്ജലികൾ..." എന്നാണ് ലാൽ ജോസ് കുറിച്ചിരിക്കുന്നത്.
സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തില്‍ നിന്ന് 'ഭാരതം' എന്ന വാക്ക് നീക്കണമെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിസാമിന്റെ മരണം. ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോയും നിസാം കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
നിരവധി ഡോക്യുമെന്ററികള്ക്കൊപ്പം നിസാം പ്രവർത്തിച്ചിട്ടുണ്ട്. ജോലിയൊടൊപ്പം തന്നെ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതും അദ്ദേഹത്തിന് പ്രിയമായിരുന്നു. കാസർകോഡ് ജില്ലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാല്‍ തന്നെ എന്റോസള്ഫാൻ മൂലം ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള പ്രവർത്തനങ്ങളില്‍ നിസാം സജീവമായിരുന്നു. ഗർഭിണികളുടെ കഥ പറയുന്ന സക്കറിയയുടെ ഗർഭിണികള്‍ എന്ന ചിത്രത്തിലും നിസാമും തിരക്കഥാ പങ്കാളിയായിരുന്നു. റേഡിയോ,ബോംബെ മിഠായി തുടങ്ങിയവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങള്‍.






