
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ ആർ റസ്റ്റം ഭീഷണിപ്പെടുത്തിയതായും പണം വാങ്ങിയതായും ആരോപിച്ച് പരാതിക്കാരൻ . പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ ഒരാളായ യാക്കൂബിനോട് പണം ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത് . അനുമോൾ, ലിജു എന്നിവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപയും, റസ്റ്റത്തിന്റെ കീഴുദ്യോഗസ്ഥനായ സാബുവിന് പല സമയങ്ങളിലായി ഒരു ലക്ഷത്തോളം രൂപ നേരിൽ കൈമാറിയെന്നും പരാതിയിൽ പറയുന്നു.
തുച്ഛമായ ശമ്പളം മാത്രമാണ് സർക്കാരിൽ നിന്ന് കിട്ടുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. തട്ടിപ്പുവീരൻ മോൻസന് കൊടുത്ത പണം വീണ്ടെടുക്കണമെങ്കിൽ പരാതിക്കാരും പോലീസിന് പണം നൽകണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. പണം കൈമാറിയ ശേഷം ഗൂഗിൾ പേ സ്ക്രീൻഷോട്ട് ആവശ്യപ്പെട്ട് റസ്റ്റം അയച്ചതായി ആരോപിച്ചുള്ള ഓഡിയോ ക്ലിപ്പും പരാതിക്കാർ കോടതിയിൽ ഹാജരാക്കി.
വിജിലൻസിൽ പോലീസ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണമുണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ മറ്റൊരു പരാതിക്കാരനായ ഷെമീറിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു.






