
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ പരിശോധന നടത്തിയെന്ന് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. പത്രക്കുറിപ്പിലാണ് ഈ അറിയിപ്പ്. ഇത് ആദ്യമായാണ് കേരളത്തിലെ ഒരു ദേവസ്വം ബോര്‍ഡില്‍ ആദായ നികുതി പരിശോധന നടത്തുന്നത്. ഈ മാതൃകയില്‍ മറ്റ് ദേവസ്വങ്ങളിലേക്കും പരിശോധന നടക്കാന്‍ സാധ്യതയുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ കേസെടുക്കുമെന്ന സൂചനയാണ് ആദായ നികുതി വകുപ്പ് നല്‍കുന്നത്. മംഗളം മാത്രമാണ് റെയ്ഡ് വാര്‍ത്ത നല്‍കിയത്. ക്രമക്കേടുകളുടെ പരിധി ഉയര്‍ന്നാല്‍ ഇ.ഡി. അനേ്വഷണത്തിനും സാധ്യതയുണ്ട്.
ഗുരുവായൂരില്‍ യാതൊരുവിധ ആസൂത്രണവുമില്ലാതെ വകുപ്പുകള്‍ സൃഷ്ടിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ ഗുരുതര ആരോപണം ഉന്നയിക്കുന്നു. നിയമപ്രകാരമുള്ള നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പരിശോധന നടത്തിയതായും ആദായനികുതി വകുപ്പ് അറിയിച്ചു. ആദായ നികുതി വകുപ്പുന്നയിക്കുന്ന ഗൗരവത്തോടെയുള്ള ആരോപണങ്ങള്‍ ദേവസ്വം ബോര്‍ഡ് നിഷേധിക്കുകയാണ്. ആദായ നികുതിയില്‍ നിന്നും ബോര്‍ഡിനെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് അവരുടെ വിശദീകരണം. ഇത് പുതിയ നിയമ പോരാട്ടത്തിന് വഴിയൊരുക്കും.
വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ച ഇത്തരം വകുപ്പുകള്‍ മൂലം അക്കൗണ്ടുകള്‍ പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് ഫയലുകള്‍ നല്‍കുന്നില്ല. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ അഴിമതിയ്ക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ആദായനികുതിയുമായി ബന്ധപ്പെട്ട് നല്കിയ നോട്ടീസുകള്‍ക്ക് കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി പ്രതികരിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 1961ലെ ആദായനികുതി നിയമത്തിന്റെ ലംഘനമാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ടി.ഡി.എസ്. സര്‍വേയാണ് നടത്തിയത്. സര്‍വേയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമപ്രകാരമുള്ള ഓഡിറ്റ് നടത്തിയിട്ടില്ല എന്ന് കണ്ടെത്തി.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരുവിധ അക്കൗണ്ടിങ് തത്വങ്ങളും പാലിച്ചിട്ടില്ല എന്നും തിരിച്ചറിഞ്ഞതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാര്‍ഷിക വരവ്- ചെലവ് കണക്കുകളും തയാറാക്കിയിട്ടില്ല. ടി.ഡി.എസ് റിട്ടേണും ഫയല്‍ ചെയ്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂര്‍ ദേവസ്വം എന്നും ഇതുവരെ ദേവസ്വം ആദായനികുതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ചെയര്മാന് ഡോ.വി.കെ. വിജയന് പറഞ്ഞു.
ദേവസ്വം ആദായനികുതി റിട്ടേണും നല്‍കാറില്ല. ഗുരുവായൂര്‍ ദേവസ്വത്തില്‍ ഓഡിറ്റ് നടക്കാറില്ല എന്ന വാര്‍ത്ത ശരിയല്ല. സംസ്ഥാന സര്‍ക്കാരിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവസ്വം ഓഫീസില്‍തന്നെ ഓഫീസ് സംവിധാനത്തോടെ പ്രവര്‍ത്തിച്ച് കണ്‍കറന്റ് ഓഡിറ്റ് നടത്തുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെള്ളി ഉരുപ്പടികള്‍ സ്വര്‍ണമാക്കി മാറ്റുന്നതിന്റെ നടപടി ക്രമങ്ങളാണ് ബോര്‍ഡ് ഓഫീസിലെത്തി തിങ്കളാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് എന്നായിരുന്നു പറത്തുവന്ന സൂചന. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് പരിശോധനയില്‍ വ്യക്തത വരുത്തുന്നത്.
ചീഫ് ഇന്‍കം ടാക്സ് കമ്മിഷണര്‍ ജ്യോതിഷിന്റെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച 5 ടണ്ണോളം വരുന്ന വെള്ളി, സ്വര്‍ണമാക്കി മാറ്റാനുള്ള നടപടിയുമായി ദേവസ്വം ബോര്‍ഡ് മുമ്പോട്ടു പോയിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിനു കീഴില്‍ െഹെദരാബാദിലുള്ള നാണയ നിര്‍മ്മാണശാലയായ മിന്റുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കരാര്‍ ഒപ്പുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായിട്ടായിരുന്നു കരാര്‍. അതുകൊണ്ടുതന്നെ അതിലേക്ക് പരിശോധനകള്‍ കടന്നിട്ടില്ലെന്ന സ്ഥിരീകരണമാണ് പത്രക്കുറിപ്പിലൂടെ ആദായ നികുതി വകുപ്പ് നല്‍കുന്നത്.






