
സന്തോഷമായൊരു ജീവിതം നയിക്കാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ആരോഗ്യം. ആരോഗ്യ പരിപാലനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത നടിയാണ് ജ്യോതിക. അഭിനയത്തിനും കുടുംബജീവിതത്തിനും മാത്രമല്ല സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതിലും താരം സമയം നീക്കിവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വര്‍ക്ഔട്ട് വീഡിയോയാണ് താരം പങ്കുവെച്ചത്. ‘ഫിറ്റ്നസ് എന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കുക മാത്രമല്ല നമ്മള് നേടിയെടുക്കുന്ന ജീവിതം കൂടിയാണ്’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വീഡിയോ പങ്കിട്ടിരിക്കുന്നത്.
പുഷ്അപ് മുതല്‍ ബാറ്റില്‍ റോപ് വ്യായാമം വരെ ഉള്‍പ്പെടുത്തിയാണ് വീഡിയോ. ഇതിനു മുന്‍പും ജിമ്മിലെ തന്റെ വര്‍ക്ഔട്ട് വീഡിയോകള്‍ ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അന്നൊക്കെയും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
7.5 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ജ്യോതിക യുദ്ധത്തിന് തയാറെടുക്കുകയാണോ? എന്തൊരു ശക്തി, ഇങ്ങനെയുളള വീഡിയോകള്‍ ഒരുപാട് പ്രോത്സാഹനം നല്‍കുന്നുവെന്നും ഇത്രയും ആത്മാര്‍ത്ഥത കണ്ട് സന്തോഷം വരുന്നു എന്നുമെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. അതേസമയം ഇത്രയും അധ്വാനിക്കുന്നുണ്ടെങ്കില് എന്തോ വലിയ സിനിമ വരാനിരിക്കുന്നുവെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.






