
തൃശൂര്‍ : എറണാകുളം- ബെംഗളൂരു വന്ദേഭാരത് സ്വപ്നങ്ങൾക്കു തിരിച്ചടി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച പുതിയ വന്ദേഭാരത് റേക്ക് ഇന്നലെ പുലർച്ചെ കർണാടകയിലേക്കു കടത്തി. എറണാകുളം- ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് സജീവ പരിഗണനയിലിരിക്കെയാണു പുതിയ റേക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തിച്ചത്.
ഇതാണ് ഇന്നലെ ദക്ഷിണ പശ്ചിമ റെയിൽവേക്കു കീഴിൽ കർണാടകയിൽ സർവീസ് നടത്താനായി കൊണ്ടുപോയത്. 12നു പ്രധാനമന്ത്രി നരേന്ദ്രമോദി 6 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്.ഇതിൽ ദക്ഷിണ റെയിൽവേക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 2 വന്ദേഭാരത് സർവീസിൽ ഒന്ന് എറണാകുളം- ബെംഗളൂരു റൂട്ടിലായിരുന്നു.
കേരളത്തിൽ നിന്ന് ഏറ്റവും തിരക്കുള്ള ബെംഗളൂരുവിലേക്കു വന്ദേഭാരത് സർവീസ് എന്നത് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.






