
കോട്ട: രാജസ്ഥാനിലെ പ്രശസ്ത പരിശീലന കേന്ദ്രത്തില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. കോട്ടയില്‍ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) പരിശീലനത്തിലായിരുന്ന അഭിഷേക് കുമാര്‍ ആണ് ജീവനൊടുക്കിയത്. ബിഹാറിലെ ഭഗല്പുരില് നിന്നുള്ള അഭിഷേകിനെ വാടകയ്ക്ക് താമസിച്ചിരുന്ന വിജ്ഞാന് നഗറിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം കോട്ടയില്‍ ജീവനൊടുക്കുന്ന ആറാമത്തെ വിദ്യാര്‍ത്ഥിയാണ് അഭിഷേക്.
പിതാവിന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് അഭിഷേക് കുമാര്‍ വിഷം കഴിച്ചത്. 'സോറി പപ്പാ... എനിക്ക് ജെഇഇ എഴുതാന്‍ കഴിയില്ലെന്ന് കത്തില്‍ പറയുന്നു. കോച്ചിംഗ് സെന്ററില്‍ ജനുവരി 29നും ഫെബ്രുവരി 19നും നടത്തിയ പരീക്ഷയില്‍ അഭിഷേക് പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 26 കുട്ടികളാണ് ജീവനൊടുക്കിയത്. കോച്ചിംഗ് സെന്ററുകളില്‍ കുട്ടികള്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഇത്തരം കടുത്ത നടപടിയിലേക്ക് പ്രേരിപ്പിക്കുന്നതെന്ന് വ്യാപക ആരോപണമുണ്ട്. ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തിയിട്ടും കുട്ടികളുടെ ആത്മഹത്യ തുടരുകയാണ്.
ഓരോ വര്‍ഷവും ജെഇഇ, നീറ്റ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി രണ്ട് ലക്ഷം കുട്ടികളാണ് കോട്ടയില്‍ എത്തുന്നത്.






