കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച ഏബ്രഹാമിന്റെ രണ്ട് ആണ്മക്കള്ക്ക് താത്ക്കാലിക ജോലി നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. കുടുംബത്തിന് താല്പര്യമുണ്ടെങ്കില് ഏപ്രില്‍ ഒന്ന് മുതല്‍ വനംവകുപ്പില്‍ തന്നെ ജോലിക്ക് പ്രവേശിക്കാം. സ്ഥിരം ജോലി നല്കുന്നതില് നിലവില്‍ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നും കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ആശ്വാസമുണ്ടെന്നും കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി നല്‍കണമെന്നും മരിച്ച ഏബ്രഹാമിന്റെ മകന് ആവശ്യപ്പെട്ടു. ഫെന്‍സിംഗ് വേലി അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും കുടുംബം പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഏബ്രഹാം കൊല്ലപ്പെട്ടതില്‍ ശക്തമായ പ്രതിഷേധം നടത്തിയ കുടുംബവും നാട്ടുകാരും അവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കിയതും സംസ്കാരം നടത്തിയതും.






