
പി സി ജോർജിനെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പൂഞ്ഞാറിലെ വീട്ടിലെത്തിയാണ് ജോർജിനെ കണ്ടത്. പി സി ജോർജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങണമെന്ന് അദ്ദേഹം ജോർജിന് നിർദ്ദേശം നല്കി.
പി സി ജോർജ് പത്തനംതിട്ട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നതാണ്. ആ ഉറപ്പിന്മേലാണ് അദ്ദേഹം ബി ജെ പിയിൽ എത്തിയത്. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് പി സി ജോർജ് എൻഡിഎ യിലെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ ആകെ തകിടംമറിയുകയായിരുന്നു.
പാർട്ടി നടത്തിയ അഭിപ്രായ സർവേയില്‍ പാർട്ടി നേതാക്കളൊന്നടക്കം പി സി വേണ്ടെന്ന വികാരമാണ് അറിയിച്ചത്. ഇതിനൊപ്പം തന്നെ ബിഡിജെഎസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.






