ന്യുഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സാവകാശം തേടി എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ഇലക്ടറല്‍ ബോണ്ടുകള്‍ മാര്‍ച്ച് ആറിനകം വെളിപ്പെടുത്തണമെന്നാണ് കോടതി എസ്.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം.
ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് രാവിലെ 10.30ന് ഹര്‍ജി പരിഗണിക്കുക. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബഇ.ആര് ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരും ഉള്‍പ്പെട്ടതാണ് ബെഞ്ച്. കോടതി നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാത്തതില്‍ എസ്.ബി.ഐയ്ക്കെതിരെ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസും ഇന്ന് പരിഗണിക്കുന്നുണ്ട്. എസ്.ബി.ഐ മനഃപൂര്‍വ്വം കോടതിയുടെ ഉത്തരവ് ലംഘിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ എസ്.ബി.ഐയില്‍ നിന്ന എടുക്കുന്ന ഇലക്ടറല്‍ ബോണ്ടുകളായി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥയാണ് കഴിഞ്ഞ മാസം 15ന് ുപ്രീം കോടതി റദ്ദാക്കിയത്. ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നും ഭരണഘടന ഉറപ്പ് നല്കുന്ന അനുഛേദം 14ന്റെ ലംഘനവുമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സംഭാവന നല്‍കിയവരുടെ വിവരങ്ങളും തുകയും സ്വീകര്‍ത്താക്കളെയും വെളിപ്പെടുത്തി വിവരങ്ങള്‍ മാര്‍ച്ച് 13നുള്ളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച് ആറിനുള്ളില്‍ 2019 ഏപ്രില്‍ 12 മുതലുള്ള ബോണ്ട് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ എസ്ബിഐയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്നും ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ അജ്ഞാതമായതിനാല്‍ നടപടികള്‍ സങ്കീര്‍ണമാണെന്നും എസ്ബിഐ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ബിജെപി ബാങ്കിനെ മറയാക്കുകയാണെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ വിവരങ്ങള്‍ മറച്ചുവയ്ക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.






