ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് കടപ്പത്രം (ഇലക്ടറല്‍ ബോണ്ട്സ്) കേസില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച എസ്.ബി.ഐ. കോടതി ആവശ്യപ്പെട്ടത് പോലെ ഇന്നലെ തന്നെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 2019-24 വര്‍ഷങ്ങളില്‍ 22,217 ബോണ്ടുകളാണ് ബാങ്ക് വഴി വിറ്റഴിച്ചത്. ഇതില്‍ 22,030 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചു. ഇവ ബാങ്കില്‍ തിരിച്ചെത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒരു പെന്ഡ്രൈവറിലാണ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്. രണ്ട് പി.ഡി.എഫ് ഫയലുകളിലുള്ള വിവരങ്ങള്‍ പാസ്വേര്ഡ് കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും എസ്.ബി.ഐ അറിയിച്ചു.
2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ ബാങ്ക് വഴി വിറ്റു. സുപ്രീം കോടതി ഈ പദ്ധതി റദ്ദാക്കുന്നത് വരെ ഇടപാടുകള്‍ നടന്നുവെന്നും ബാങ്ക് പറയുന്നു.
ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം തേടി എസ്.ബി.ഐ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഹര്‍ജി കോടതി തള്ളുകയും ഇന്നലെ വൈകിട്ട് അഞ്ചിനുള്ളില്‍ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കാന് അന്ത്യശാസനം നല്‍കുകയുമായിരുന്നു. ഈ വിവരങ്ങള്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.






