
പാലക്കാട്: മയക്കുമരുന്നുമായി എക്സൈസ് കസ്റ്റഡിയിലെടുത്തയാള്‍ പാലക്കാട് റേഞ്ച് ഓഫീസിലെ ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍. ഇടുക്കി, കൊന്നത്തടി പണിക്കന്‍കുടി പൊട്ടയില്‍ ഷോജോ ജോണാ(55)ണ് മരിച്ചത്. മരണത്തില്‍ കുടുംബം ദുരൂഹതയാരോപിച്ചതിനേത്തുടര്ന്ന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.
പാലക്കാട് കാടാംകോട് ദ്വാരകപുരി കോളനിയില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷോജോ. പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി കഴിഞ്ഞദിവസം വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയില്‍ 2.055 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. കസ്റ്റഡിയിലെടുത്ത ഷോജോയെ വൈദ്യപരിശോധനയ്ക്കുശേഷം സര്‍ക്കിള്‍ ഓഫീസിലെത്തിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന എക്സൈസ് റേഞ്ച് ഓഫീസിലേക്കു മാറ്റി.
രാവിലെ ആറരയോടെ ഷോജോയെ ലോക്കപ്പിന്റെ ഇരുമ്പുവാതിലില്‍ ഉടുമുണ്ടില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കസ്റ്റഡി മര്‍ദനമുണ്ടായിട്ടില്ലെന്നും ഓഫീസിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. എന്നാല്‍, ഷോജോ ആത്മഹത്യ ചെയ്യില്ലെന്നും അന്വേഷണം വേണമെന്നും ഭാര്യ ജ്യോതി ആവശ്യപ്പെട്ടു. ഭര്‍ത്താവ് ഒരബദ്ധം കാണിച്ചെന്നും ഉടന്‍ ജില്ലാ ആശുപത്രിയിലെത്തണമെന്നും പറഞ്ഞാണ് എക്സൈസുകാര് വിളിച്ചത്.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നതായും ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു.പ്രാഥമികാന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനേത്തുടര്‍ന്ന്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന മധു, രഞ്ജിത്ത് എന്നീ ഉദ്യോഗസ്ഥരെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. റോബര്‍ട്ട് സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണമാരംഭിച്ചു.
കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷിക്കും. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കു മാറ്റി. മക്കള്‍: ദിയ, റിയ. അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്.






