
എല്ലാ ജോലിമേഖലകളും ഓരോ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അതേസമയം ഒരുപാട് ആശങ്കകളോടും പ്രതീക്ഷകളോടെയുമാണ് ഉദ്യോഗാര്‍ത്ഥികളും തങ്ങളുടെ ജോലിയില്‍ പ്രവേശിക്കുന്നത്. കമ്പനികള്‍ പലപ്പോഴും ജോലിക്ക് ആളുകളെ ക്ഷണിക്കുമ്പോള്‍ ജോലിയുടെ സ്വഭാവം മാത്രമാണ് പറയുക. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അഭിമുഖത്തിനിടെയിലാകും തീരുമാനമാകുക. മിക്കവാറും ഉദ്യോഗാര്‍ത്ഥികള്‍ പുതിയ കമ്പനിയിലേക്ക് മാറുമ്പോള്‍ 10 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നതും സാധാരണമാണ്. ഇത് ഉദ്യോഗാര്‍ത്ഥിയുടെ ജോലിയിലുള്ള അനുഭവ പരിചയം, മുമ്പത്തെ കമ്പനിയില്‍ ലഭിച്ചിരുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലൊരു അഭിമുഖത്തിനിടെ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെട്ട ശമ്പളം കേട്ട് അയാളെ ജോലിക്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കമ്പനി സിഇഒ.വാന്‍ഷിവ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതര്പാലാണ് തന്റെ എക്സ് അക്കൌണ്ടിലൂടെ ഇക്കാര്യം പങ്കുവച്ചത്. വെറും നാല് വര്‍ഷത്തെ ജോലി പരിചയമുള്ള ഉദ്യോഗാര്‍ത്ഥിക്ക് നിലവില്‍ 28 ലക്ഷം രൂപ പ്രതിവര്‍ഷം ശമ്പളം ലഭിക്കുന്നു. അതിനാല്‍ അവള്‍ക്ക് പുതിയ ജോലിക്ക് 45 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വേണമെന്ന് ആവശ്യപ്പെട്ടു. അവളുടെ ഇപ്പോഴത്തെ ശമ്പളത്തെക്കാള്‍ 17 ശതമാനം വര്‍ദ്ധനവാണതെന്നും ഗൗരവ് ഖേതര്‍പാല്‍ എഴുതി.
ഒപ്പം എച്ച് ആര് വകുപ്പുമായുള്ള തന്റെ സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു. സ്ക്രീന്‍ ഷോട്ടില്‍ അദ്ദേഹം എച്ച് ആര് വകുപ്പിലേക്ക് ഇങ്ങനെ എഴുതി, 'അവളെ ജോലിക്ക് എടുക്കാന്‍ നമ്മുക്കൊരു ലോണിന് അപേക്ഷിക്കാം. തത്കാലം അത് വിട്ടേക്കൂ' ഗൗരവ് ഖേതര്‍പാലിന്റെ ട്വീറ്റ് ഇതിനകം മൂന്നേകാല്‍ ലക്ഷത്തോളം പേര് കണ്ടു കഴിഞ്ഞു. നിരവധി പേര് ഗൗരവിന്റെ കുറിപ്പിന് മറുകുറിപ്പെഴുതാനെത്തി. വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ വര്‍ദ്ധനവ് നല്കുന്നതില് നിന്ന് കമ്പനികള്‍ ഒഴിഞ്ഞുമാറരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഒരാളുടെ ശമ്പളത്തിന്റെ മാനദണ്ഡം അനുഭവ പരിചയം മാത്രമായി കാണരുതെന്ന് ചിലര്‍ ഉപദേശിച്ചു.






