
തൃശൂര്‍: കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വന്‍ ചര്‍ച്ചയായതിന് പിന്നാലെ ഗോപിയാശാന് പ്രയാസമുണ്ടായെങ്കില്‍ താന്‍ മാനസപൂജ ചെയ്യുമെന്ന് നടന് സുരേഷ്ഗോപി. ഗോപിയാശാനെ താന്‍ ബന്ധപ്പെടുകയോ അദ്ദേഹത്തിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുകയോ ചെയ്തിട്ടില്ലെന്ന് നടന് പ്രതികരിച്ചു. ഗോപിയാശാനെ കാണാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എല്പ്പിക്കാന് ഉദ്ദേശിച്ചിട്ടുമില്ലെന്നും പറഞ്ഞു.
തൃശൂര്‍ മണലൂര്‍ വെസ്റ്റ് സെന്റ് ജോസഫ് ചര്‍ച്ചില്‍ പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം. മകന്റെ പ്രതികരണം ഗോപിയാശാന്റെ മനസ്സാണോ എന്നത് അറിയില്ല. ഗോപിയാശാന്റെ ഡോക്യൂമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇനി ഗോപിയാശാന് വേണ്ടാ എന്നു പറഞ്ഞാല്‍ ഗുരുവായൂരപ്പന്റെ മുന്നില്‍ മുണ്ടും നേര്യതും നല്‍കും. അവിടെ വെറ്റിലയും അടക്കയും മുണ്ടും നേര്യതയും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നത്. താന്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷിനെയാണ്. എന്നാല്‍ ഗോപിയാശാനെ ബന്ധപ്പെടാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം.






