
കാശ് കിട്ടാന്‍ വേണ്ടി ഏത് കുതന്ത്രം പയറ്റാനും ആളുകള്‍ ഇന്ന് തയ്യാറാണ്. ഇത്തരത്തില്‍ ഒരു സൂത്രപണി ചെയ്ത യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് ഇവിടെ ഒരു ഇന്‍ഷുറന്‍സ് കമ്പനി. പണത്തിന് വേണ്ടി ഇയാള്‍ ചെയ്തത് എന്താണന്നല്ലേ? വീട്ടില്‍ പയറുപോലെ ഓടിനടന്ന ഭാര്യ മരിച്ചു എന്ന് വരുത്തിത്തീര്‍ത്തു. എന്നാല്‍ സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കള്ളം പൊളിഞ്ഞത്.
മനേസറിലാണ് വിചിത്ര സംഭവം നടന്നത്. ജീവിച്ചിരിക്കുന്ന ഭാര്യ മരിച്ചതായി വ്യാജരേഖകളുണ്ടാക്കിയാണ് ഇയാള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.ജയ്പ്പൂരിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭാര്യ മരിച്ചതായി കാണിക്കുന്ന വ്യാജരേഖകള്‍ ഇയാള്‍ സംഘടിപ്പിച്ചത്. പിന്നീട്, ഇത് മുനിസിപ്പാലിറ്റിയില്‍ കാണിച്ച് ഒരു ഒറിജിനല്‍ മരണ സര്‍ട്ടിഫിക്കറ്റും ഇയാള്‍ ഒപ്പിച്ചെടുക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്ലെയിം വെരിഫിക്കേഷന് പ്രോസസിനിടെയാണ് രേഖകളെല്ലാം കള്ളമാണെന്നും സ്ത്രീ വീട്ടില്‍ തന്നെ ജീവിച്ചിരിപ്പുണ്ട് എന്നും കണ്ടെത്തുന്നത്.
2023-ലാണ് ജാറ്റിന് എന്നയാള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ഭാര്യയെ അഡ്മിറ്റാക്കുന്നത്. പിന്നീട്, ചില ടെസ്റ്റുകളെല്ലാം നടത്തി അവിടെ നിന്നും മടങ്ങുകയും ചെയ്തു. പിന്നീട്, ആശുപത്രിയിലുള്ള ജീവനക്കാരെ സ്വാധീനിച്ച് അവിടെ നിന്നും ഭാര്യ മരിച്ചതായും മറ്റുമുള്ള വ്യാജരേഖകള്‍ സംഘടിപ്പിച്ചു. പിന്നീട്, അത് മുനിസിപ്പാലിറ്റിയില്‍ നല്കി മരണ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിച്ചു. ശേഷമാണ് ഒരുകോടി രൂപ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത്.
മരണ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി കോര്പ്പറേഷന് കത്തെഴുതിയതായി ഗ്രേറ്റര്‍ ജയ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് രജിസ്ട്രാര്‍ (ജനന-മരണം) പ്രദീപ് പരീഖ് പറയുന്നു. ''ഒരു ആശുപത്രിയുടെ ഐഡന്റിറ്റി പോര്‍ട്ടലില്‍ മരണം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഞങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനുപുറമെ, ശ്മശാനത്തില്‍ നിന്നോ സെമിത്തേരിയില്‍ നിന്നോ തയ്യാറാക്കിയ ശവസംസ്കാര റിപ്പോര്‍ട്ടായാലും മതി. ഈ സാഹചര്യത്തില്‍, ഞങ്ങള്‍ക്ക് ആശുപത്രിയുടെ പോര്‍ട്ടലില്‍ നിന്നുള്ള രജിസ്ട്രേഷന് ലഭിച്ചു. അതിനാലാണ് ഞങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ' എന്നും പരീഖ് വ്യക്തമാക്കി.






