
സോഷ്യല്‍ മീഡിയയില്‍ എങ്ങനെ വൈറലാകാം എന്നാണ് ഇന്ന് പലരും ചിന്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ റീലുകളും വീഡിയോകളും തുടങ്ങി നിരന്തരമായി വ്യത്യസ്ത വിഷയങ്ങള്‍ പങ്കുവച്ചാണ് പലരും ആരാധകരെ കൂട്ടുന്നത്. ഇവയില്‍ പ്രേക്ഷക ശ്രദ്ധ സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മനോഹരമായ സെല്‍ഫികള്‍ പങ്കുവയ്ക്കുക എന്നുള്ളത്. സ്മാര്‍ട്ട് ഫോണുകള്‍ നിറഞ്ഞ ഈ കാലത്ത് എങ്ങനെ വ്യത്യസ്തവും മനോഹരവും ഒപ്പം വൈറലുമാകുന്ന സെല്‍ഫികള്‍ എടുക്കാമെന്നാണ് സെല്‍ഫിയെ ഇഷ്ടപ്പെടുന്നവരെല്ലാം ആലോചിക്കുന്നത്. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജീവികളായ തിമിംഗലങ്ങളോടൊപ്പം ഒരു സെല്ഫിയായാലോ... അതെ ഒന്നല്ല, രണ്ട് തിമിംഗലങ്ങളോടൊപ്പമുള്ള യുവതിയുടെ സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
@wilddolphingirl എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ജീവിതത്തിലെ ഏറ്റവും ഗംഭീരമായ ഷോ കാണാന്‍ പോകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല! തിമിംഗലങ്ങള്‍ക്കും ഡോള്ഫിനുകള്ക്കുമൊപ്പം ഞാന്‍ നൂറുകണക്കിന് മണിക്കൂറുകള്‍ സമുദ്രത്തില്‍ ചെലവഴിച്ചിട്ടുണ്ട്, എന്നാല്‍ ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ അതിവേഗതയില്‍ പോകുന്ന ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന യുവതി തന്റെ സെല്‍ഫി വീഡിയോ എടുക്കുന്നതിനിടെ പശ്ചാത്തലത്തില്‍ രണ്ട് കൂറ്റന്‍ തിമിംഗലങ്ങള്‍ കടലില്‍ നിന്നും ഉയര്‍ന്ന് ചാടുന്നത്. കാണാം. യുവതി സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ തന്റെ തലയ്ക്ക് മുകളിലായി രണ്ട് തിമിംഗലങ്ങള്‍ ചാടുന്നത് കണ്ട് അത്യാഹ്ളാദം പ്രകടിപ്പിക്കുന്നു. വീഡിയോയില്‍ യുവതി സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നതും കേള്‍ക്കാം. സെല്‍ഫി വീഡിയോയ്ക്ക് പിന്നാലെ രണ്ട് കൂറ്റന്‍ തിമിംഗലങ്ങള്‍ കടലില്‍ ഉയര്‍ന്നു ചാടുന്നതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ''ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സെല്‍ഫി,'' എന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്. ''ദൈവമേ അത് പ്രകൃതിയുടെ സൗന്ദര്യമാണ്,'' മറ്റൊരാള്‍ എഴുതി. 'ഇതാണ് ഒരു സെല്‍ഫിയുടെ ഏറ്റവും ശരിയായ സമയം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. നിരവധി പേര് 'അവിശ്വസനീയ'മെന്ന് എഴുതി. 'നിങ്ങള്‍ ലോകത്തിലെ ഭാഗ്യം ചെയ്ത പെണ്‍കുട്ടിയാണ്. എന്റെ സ്വപ്നമാണ് നിങ്ങള്‍ പകര്‍ത്തിയത്.' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 'ഡോള്‍ഫിന്‍ പെണ്‍കുട്ടി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.






