ന്യൂഡല്‍ഹി: വിവാഹ തട്ടിപ്പിന്റെ പല വേര്‍ഷനുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പരിപാടിയില്‍ വരന് എത്താതിരുന്നതോടെ യുവതി സ്വന്തം സഹോദരനെ മാല ചാര്‍ത്തി. വിവാഹത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ നല്കുന്ന 51,000 രൂപയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായിരുന്നു ഈ തട്ടിപ്പ്. പിടിക്കപ്പെട്ടതോടെ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.
മാര്‍ച്ച് അഞ്ചിന് മഹാരാജ്ഗഞ്ചിലാണ് സമൂഹ വിവാഹം നടന്നത്. പ്രീതി യാദവ് എന്ന യുവതിയുടെ വരന് രമേശ് യാദവ് ഈ സമയം ചടങ്ങിനെത്തിയില്ല. ഇതോടെ ചില ഇടനിലക്കാര്‍ ഇടപെട്ട് സഹോദരന് കൃഷ്ണയെ മാല ചാര്‍ത്താന്‍ പ്രീതിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഇവര്‍ നേരത്തെ വിവാഹിതരാണെങ്കിലും സര്‍ക്കാരിന്റെ 51,000 രൂപയുടെ ആനുകൂല്യത്തിന് വേണ്ടി വീണ്ടും വിവാഹ ചടങ്ങ് നടത്തുകയായിരുന്നു.
സഹോദരങ്ങള്‍ക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിനു മുന്‍പ് ഇവരുടെ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ വില്ലേജ് ഡവലപ്മെന്റ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം സസ്പെന്ഷന് ലഭിച്ചു.
സര്‍ക്കാര്‍ നല്കുന്ന 51,000 രൂപയില്‍ 35,000 രൂപ വധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്. 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. 6,000 രൂപ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ്.
മുന്‍പ് ജനുവരിയിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. ബല്ലിയയില്‍ നടന്ന ചടങ്ങില്‍ യോഗ്യതയില്ലാത്ത 240 പേരാണ് സമൂഹ വിവാഹത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ഉദ്യോഗസ്ഥരടക്കം 15 പേരാണ് ഇതിനകം അറസ്റ്റിലായത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയഇല് ആവര്‍ത്തിക്കാതിരിക്കാന്‍ നവവധു വരന്മാരുടെ ആധാര്‍ നമ്പര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ ചടങ്ങില്‍ വച്ചുതന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സാമൂഹ്യ ക്ഷേമമന്ത്രി അസിയം അരുണ്‍ പറഞ്ഞു.






