
ന്യൂഡല്‍ഹി : ദേശീയതല സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയായ യു.പി.എസ്.സി മെയ് 26ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെയ്ക്കുന്നത്.ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ജൂണ്‍ 26 ന് നടക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് 26-05-2024 നിന്ന് 16-06-2024 ലേക്ക് മാറ്റിവെയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു'. യു.പി.എസ്.സി വിജ്ഞാപനത്തില്‍ പറഞ്ഞു.
രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെയുള്ള കാലയളവിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. ഒന്നാംഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്.
രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്.
അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.






