ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ.കവിതയ്ക്ക് തിരിച്ചടി. കവിതയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ നേതാവാണെന്ന് കരുതി പ്രത്യേക പരിഗണന നല്‍കാനാവില്ല. ജാമ്യത്തിനായുള്ള നടപടികള്‍ പാലിക്കണം. സുപ്രീം കോടതിയെ നേരിട്ട് സമീപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതേ്യക ബെഞ്ച് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേഷ്, ബെല ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് നിരസിച്ചത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇ.ഡി അറസ്റ്റു ചെയ്തത്.
അതേസമയം, അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. രണ്ടംഗ ബെഞ്ചിന്റെ സിറ്റിംഗ് പൂര്‍ത്തിയായ ശേഷമായിരിക്കും കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുകയെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന അറിയിച്ചു.
അതിനിടെ, കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി വന്‍ പ്രതിഷേധമാണ് നടത്തുന്നത്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച മന്ത്രിമാരായ അതിഷി, സൗരവ് ഭരദ്വാജ് എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. നൂറുകണക്കിന് പ്രവര്‍ത്തകരും എഎപി ഓഫീസിന് മുന്പില് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെയെല്ലാം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയാണ്. വലിച്ചിഴച്ചാണ് പലരേയും വാഹനത്തിലേക്ക് കയറ്റുന്നത്. കെജ്രിവാളിനു പിന്തുണയുമായി ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു.
കെജ്രിവാളിന്റെ കുടുംബത്തെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് ആരോപിച്ചു. കെജ്രിവാള് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. കുടുംബത്തെ കാണാനെത്തിയ തന്നെ പോലീസ് തടഞ്ഞുവെന്നും ഏറെനേരത്തെ വാദപ്രതിവാദത്തിനു ശേഷമാണ് തനിക്ക്് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിന്റെ സൂത്രധാരന്‍ കെജ്രിവാളാണെന്നും കവിതയുമായി അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു. മദ്യകമ്പനികളില് നിന്ന് ലഭിച്ച 100 കോടിയുടെ കോഴപ്പണം കവിത വഴി എഎപിയില്‍ എത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.






