
ബോളിവുഡ് താരം ശക്തി കപൂറിന്റെ മകള്‍ എന്ന ലേബലിലാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശ്രദ്ധ കപൂര്‍. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ഗായികയായും ശ്രദ്ധ പ്രേക്ഷകമനസ്സ് കീഴടക്കിയതാണ്. ആരാധകരോടും പാപ്പരാസികളോടുമുള്ള താരത്തിന്റെ വിനയം നിറഞ്ഞ പെരുമാറ്റവും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. കരിയറിലെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കിടാറുള്ള താരം പക്ഷേ തന്റെ വ്യക്തിജീവിതം അധികം വെളിപ്പെടുത്താറില്ല. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ച് നിരവധി വാർത്തകള്‍ വരുന്നുണ്ട്. തിരക്കഥാകൃത്ത് രാഹുല്‍ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. അംബാനി കുടുംബത്തിലെ പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്ക് ജാംനഗറില്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായി. എന്നാല്‍ ശ്രദ്ധ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ ശ്രദ്ധയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഒരു പർപ്പിള്‍ നിറത്തിലുള്ള നെെറ്റ് സ്യൂട്ടിട്ട് കിടക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. ആ ചിത്രത്തില്‍ താരം താരം ധരിച്ചിരിക്കുന്ന മാലയുടെ ലോക്കറ്റ് ‘ആര്’ എന്ന അക്ഷരമാണ്. ഇത് രാഹുല്‍ മോഡിയുടെ പേരിന്റെ ആദ്യ അക്ഷരമാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുമാണ് ആരാധകർ പോസ്റ്റിന് താഴെ കുറിച്ചത്. കമന്റുകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സംഭവത്തില്‍ ഇരുവരും ഓദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ശ്രദ്ധ കപൂറും രണ്‍ബീർ കപൂറും അഭിനയിച്ച ‘തൂ ജൂത്തി മേ മക്കാറി’ന്റെ രചന രാഹുലിന്റേതാണ്. ഈ സിനിമയുടെ ലൊക്കേഷനിലാണ് ശ്രദ്ധയും രാഹുലും സൗഹൃദത്തിലാവുന്നത്.






