താനെ: പണത്തിനു വേണ്ടി ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയില്‍ റായറാഴ്ചയാണ് സംഭവം. പള്ളിയില്‍ നിന്നും സായാഹ്ന നമസ്കാരം കഴിഞ്ഞിറങ്ങിയ ഇബാദ് എന്ന കുട്ടിയെ ആണ് തയ്യല്‍ തൊഴിലാളിയായ സല്മാന് മൗലവി കടത്തിക്കൊണ്ടുപോയത്. 23 ലക്ഷം രൂപ കുട്ടിയുടെ പിതാവില്‍ നിന്നും വാങ്ങുന്നതിനായിരുന്നു ഇത്. പുതിയ വീട് നിര്‍മ്മിക്കുന്നതിന് പണം ആവശ്യമായി വന്നതോടെയാണ് ഈ ക്രൂരാകൃത്യത്തിന് മുതിര്‍ന്നത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി പ്രതിയുടെ വീടിനു പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. താനെ ബദല്പുരിലെ ഗൊറിഗണ് ഗ്രാമത്തിലാണ് മനസ്സുമരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. പള്ളിയില്‍ പോയ കുട്ടി തിരിച്ചെത്താന്‍ വൈകിയതോടെ കുടുംബം തിരച്ചില്‍ തുടങ്ങി. ഇതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവ് മുദ്ദാസീറിന് ഫോണ്‍വിളിയെത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാതെ ഫോണ്‍ നിലച്ചു.
എന്നാല്‍ കുട്ടിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായതോടെ പ്രതി കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. പിടിക്കപ്പെടുമെന്ന് കണ്ടതോടെ അയാള്‍ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് മാറ്റി. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ പോലീസ് അയാളുടെ താമസസ്ഥലം വളയുകയും കുട്ടിയുടെ മൃതദേഹം പരിസരത്തുനിന്ന് കണ്ടെടു്ക്കുകയും ചെയ്തു.
പ്രതി സല്‍മാന്റെ മൗലവിയുടെ സഹോദരന് സഫുവാന്‍ മൗലവിയേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ ഹീനകൃത്യത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള പങ്ക് പരിശോധിച്ചുവരികയാണെന്ന് ബദ്ലാപൂര് പോലീസ് അറിയിച്ചു.






