
ഈ ചിത്രത്തിൽ തെന്നിന്ത്യയുടെ പ്രിയപ്പെട്ടൊരു നടിയുണ്ട്. ആരാണെന്നു ഊഹിക്കാമോ? നർത്തകിയായിട്ടായിരുന്നു തുടക്കം. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ കരുത്തയായ നടിയായി മാറി. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ച ഈ താരം ആരാധകരുടെ സ്വപ്നസുന്ദരിയാണ്.
മറ്റാരുമല്ല, നടി രമ്യാ കൃഷ്ണന്റെ കുട്ടിക്കാല ചിത്രമാണിത്. 1967 സെപ്റ്റംബര്‍ 15ന് ചെന്നൈയിലായിരുന്നു രമ്യ കൃഷ്ണന്റെ ജനനം. ചെറുപ്പം മുതലേ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചു. 13ാം വയസ്സിലാണ് ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. നേരം പുലരുമ്പോൾ എന്ന മലയാള ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്, എന്നാൽ ആദ്യം റിലീസ് ചെയ്തത് തമിഴിലെ 'വെള്ളൈ മനസ്സു' എന്ന ചിത്രമായിരുന്നു.
ആദ്യ കാലങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു രമ്യ കൂടുതലും അഭിനയിച്ചത്. പിന്നീട് അമ്മ വേഷങ്ങളിലും, ദേവി വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. തമിഴില്‍ രജനീകാന്തിനൊപ്പം അഭിനയിച്ച 'പടയപ്പ' രമ്യയുടെ കരിയറിലെ ഏറ്റവും കരുത്താർന്ന വേഷങ്ങളിലൊന്നാണ്. രമ്യയുടെ കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ് ബാഹുബലിയിലെ ശിവകാമി ദേവി. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇതിനകം 200ലധികം ചിത്രങ്ങളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്.
ഒരേ കടല്‍, ഒന്നാമന്, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ആര്യന്, ആടും പുലിയാട്ടം തുടങ്ങി മുപ്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിന് ഒപ്പമാണ് രമ്യ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഇന്നും തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ് രമ്യ.






