
എവിടെത്തിരിഞ്ഞാലും ‘ആടുജീവിത’ത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമയിലെ കഥാപാത്രങ്ങളുടെ മികവും അണിയറപ്രവര്‍ത്തകരുടെ വിശേഷങ്ങളുമാണ് നിറയുന്നത്. മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്ന് എന്നാണ് പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതത്തി’നെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബെന്യാമിന് എഴുതിയ ഈ നോവല്‍ പണ്ടേ വായനക്കാരുടെ ഹൃദയവും മനസ്സും കവര്‍ന്നതാണ്. 250-ഓളം പതിപ്പുകള്‍ പുറത്തിറങ്ങിയ ആടുജീവിതമാണ് പിന്നീട് ബ്ലെസി സിനിമയാക്കിയത്. നോവല്‍ വായിച്ച ഏതൊരാള്‍ക്കും അതിലെ വൈകാരിത മനസ്സില്‍ തങ്ങി നില്ക്കും. അത് സിനിമയാക്കിയപ്പോള്‍ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തിയിട്ടുണ്ടെന്ന് പലരും ചര്‍ച്ചകളില്‍ പറയുമ്പോള്‍ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയര്‍ന്നു വരുന്നു.
ഇപ്പോഴിതാ നോവല്‍ സിനിമയായപ്പോള്‍ അതില്‍ നിന്നും കുറേഭാഗങ്ങള്‍ മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.
‘‘നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീൻ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങള്‍ ഒഴിവാക്കി.
മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോള്‍ ആ സീൻ ഉണ്ടെങ്കില്‍ ‘എ’ സർട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് പറഞ്ഞു.
ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്....’’ ബെന്യാമിന് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബെന്യാമിനിത് പറഞ്ഞത്.






